ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയുടെ പുതിയ പരാമര്‍ശമാണ് ഇപ്പോള്‍ നെറ്റിസണ്‍സ് ആഘോഷമാക്കുന്നത്. കഴുതപ്പാല്‍ കൊണ്ടുണ്ടാക്കുന്ന സോപ്പ് ഉപയോഗിച്ച് കുളിച്ചാല്‍ സ്ത്രീകള്‍ സുന്ദരികളാകുമെന്ന മനേക ഗാന്ധിയുടെ പരാമര്‍ശമാണ് പരിഹാസത്തിന് കാരണം. യു.പിയിലെ സുല്‍ത്താന്‍പൂരില്‍ നടന്ന പരിപാടിയിലായിരുന്നു മനേകയുടെ പ്രസ്താവന. ”കഴുതപ്പാലില്‍ നിര്‍മിച്ച സോപ്പ് ഉപയോഗിച്ചാല്‍ സ്ത്രീകളുടെ ശരീരം സുന്ദരമാകും. ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര കഴുതപ്പാലില്‍ ആണ് കുളിച്ചിരുന്നത്”-എന്നാണ് മനേക പറഞ്ഞത്.
ക്ലിയോപാട്ര വളരെ പ്രശസ്തയായ രാജ്ഞിയാണ്. കഴുതപ്പാലിലാണ് അവ കുളിച്ചിരുന്നത്. ഡല്‍ഹിയില്‍ കഴുതപ്പാല്‍ കൊണ്ടുണ്ടാക്കുന്ന സോപ്പിന് 500 രൂപ വിലയുണ്ട്. എന്തുകൊണ്ട് സോപ്പുണ്ടാക്കാന്‍ കഴുതകളുടെയും ആടുകളുടെയും പാല്‍ ഉപയോഗിച്ചു കൂടാ? എന്നും മനേക ചോദിച്ചു. പരിപാടിയുടെ വിഡിയോ വൈറലാണിപ്പോള്‍. ലഡാക് സമൂഹം സോപ്പുണ്ടാക്കാന്‍ കഴുതപ്പാല്‍ ആണ് ഉപയോഗിക്കുന്നതെന്നും അവര്‍ സൂചിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”നിങ്ങള്‍ ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി, അവരുടെ എണ്ണം കുറയുന്നു. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിര്‍ത്തി. ലഡാക്കില്‍ കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധിച്ച ഒരു സമൂഹമുണ്ട്. അതിനാല്‍ അവര്‍ കഴുതകളെ കറക്കാന്‍ തുടങ്ങി. പാലില്‍ നിന്ന് സോപ്പ് ഉണ്ടാക്കാന്‍ തുടങ്ങി. കഴുതപ്പാല്‍ ഉപയോഗിച്ച് നിര്‍മ്മിച്ച സോപ്പുകള്‍ സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമായി നിലനിര്‍ത്തും”മനേക തുടര്‍ന്നു.
മരങ്ങള്‍ ഇല്ലാതാകുന്നതിനാല്‍ തടിക്ക് വില കൂടിയതായും അവര്‍ പറഞ്ഞു. അതിനാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ചെലവും വര്‍ധിച്ചു. ചാണകത്തില്‍ സുഗന്ധമുള്ള വസ്തുക്കള്‍ ചേര്‍ത്ത് സംസ്കരിക്കാന്‍ ഉപയോഗിച്ചാല്‍ ചെലവ് ഗണ്യമായി കുറക്കാന്‍ സാധിക്കുമെന്നും മനേക അവകാശപ്പെട്ടു. ചാണകത്തടികള്‍ വിറ്റ് ആളുകള്‍ക്ക് ലക്ഷപ്രഭുക്കളാവുകയും ചെയ്യാം. അതേസമയം, മൃഗങ്ങളെ വളര്‍ത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.