മുംബൈ: ക്ലബ്ഹൗസ് ചർച്ചയിൽ മുസ്ലിം സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ സംഭവത്തിൽ പ്രധാന പ്രതി ഉത്തർപ്രദേശ് സ്വദേശിയായ 18 കാരൻ. കസ്റ്റഡിയിലെടുത്ത ലക്നൗ സ്വദേശിയായ 18കാരൻ ഡൽഹി പൊലീസിന്റെ സൈബൽ സെൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.
ബിരുദ വിദ്യാർത്ഥിയായ ഇയാൾ വ്യാജനാമത്തിലാണ് ക്ലബ്ഹൗസിൽ റൂം തുറന്നത്. സൈനിക സ്‌കൂളിൽ അക്കൗണ്ടന്റാണ് കുട്ടിയുടെ അച്ഛൻ. മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഓഡിയോ ചാറ്റ്റൂം ആരംഭിച്ചതെന്നാണ് ചോദ്യംചെയ്യലിൽ ഇയാൾ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം മോഡറേറ്റർ അവകാശം അയാൾക്ക് കൈമാറുകയും ചെയ്തു. ഇയാളിൽനിന്ന് മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂന്നുപേർ പിടിയിലായിരുന്നു. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹരിയാനയിൽനിന്നാണ് മൂന്ന് പേരെയും പിടികൂടിയത്. ചർച്ചയുടെ ഓഡിയോ ക്ലിപ്പിൻറെ അടിസ്ഥാനത്തിൽ ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലിവാൾ വിഷയത്തിൽ ഇടപെട്ടിരുന്നു. ഡൽഹി പൊലീസിനോട് കേസെടുക്കാൻ ആവശ്യപ്പെട്ടു.
ചർച്ചയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ക്ലബ്ഹൗസിന് കത്തയച്ചിരുന്നു. അഞ്ചുപേരെ തിരിച്ചറിഞ്ഞെന്നും കൂടുതൽ പേരും ഡൽഹിക്ക് പുറത്താണെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഇതിൽ ഒരാൾ മലയാളിയാണെന്നും സൂചനയുണ്ട്. ഇവരെ ചോദ്യം ചെയ്യലിന് ഡൽഹിയിൽ എത്താൻ നോട്ടീല് നൽകിയിട്ടുണ്ട്.