“ഉരുൾപൊട്ടൽ നടന്ന ശേഷമാണ് വയനാട്ടിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്; പ്രവചിച്ചതിലും അധികം മഴയും പെയ്‌തു ; അമിത് ഷാ പറയുന്നതിൽ യാതൊരു വസ്തുതയുമില്ല”; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

Advertisements

കേന്ദ്രം വയനാട്ടിൽ പ്രവചിച്ചത് 204 മില്ലിമീറ്റര്‍ മഴയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ദുരന്ത മേഖലയിൽ 48 മണിക്കൂറിൽ 572 മില്ലിമീറ്റര്‍ മഴ പെയ്തു. 23 മുതൽ 28 വരെ ഓരോ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നൽകിയ അറിയിപ്പിൽ ഒരു ദിവസം പോലും ഓറഞ്ച് അലര്‍ട്ട് ഉണ്ടായിരുന്നില്ല. 29 ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലര്‍ട്ട് നൽകിയത്. 30 ന് ഉരുൾപൊട്ടൽ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചത്. 115 നും 204 മില്ലിമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യത്തെ 24 മണിക്കൂറിൽ ദുരന്ത മേഖലയിൽ 200 മില്ലിമീറ്ററും അടുത്ത 24 മണിക്കൂറിൽ 372 മില്ലിമീറ്റര്‍ മഴയും പെയ്തു. മുന്നറിയിപ്പ് നൽകിയതിലും എത്രയോ അധികമാണ് ഈ പെയ്ത മഴ. പ്രദേശത്ത് കേന്ദ്രകാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷം രാവിലെ ആറ് മണിയോടെയാണ് റെഡ് അലര്‍ട്ട് നൽകിയതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ജിയോളജിക്കൽ സര്‍വേ ഇന്ത്യ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം വയനാട്ടിൽ സ്ഥാപിച്ചിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് ജിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടിൽ പച്ച അലര്‍ട്ടാണ് നൽകിയത്. താരതമ്യേന ചെറിയ മണ്ണിടിച്ചിലിന് സാധ്യതയെന്നാണ് പറഞ്ഞത്. എന്നാൽ അവിടെ വൻ ദുരന്തമാണ് സംഭവിച്ചത്. കേന്ദ്ര ജല കമ്മീഷനാണ് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നൽകേണ്ടത്. ഈ മാസം 23 മുതൽ 28 വരെ അവര്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയ മുന്നറിയിപ്പ് ഈ ഏജൻസി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്റിൽ പറയുന്ന കാര്യത്തിൽ വസ്തുതയില്ല. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് അനുസരിച്ച് എല്ലാ മുൻകരുതലും കേരളം എടുക്കാറുണ്ട്. ഈ ദുരന്തങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായാണ് സംഭവിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വേണ്ടത്. അല്ലാതെ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടത്. ഹതാശരായ ജനങ്ങളോട് പറയേണ്ട കാര്യമല്ല ഇപ്പോൾ കേന്ദ്രമന്ത്രി പറയുന്നത്. പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമിത് ഷാ പറഞ്ഞത്

സാധ്യമായ എല്ലാ ഇടപെടലും വയനാട്ടിൽ നടത്തുമെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് നിലവിലുള്ളത് എറ്റവും ആധുനികമായ മുന്നറിയിപ്പ് സംവിധാനമാണ്. ഒരാഴ്ച മുമ്പ് മുന്നറിയിപ്പ് നൽകാനാകുന്നതാണ് രാജ്യത്തെ സംവിധാനം. മോദി പ്രധാനമന്ത്രിയായ ശേഷം ദുരന്തനിവാരണ മേഖലയിൽ വലിയ ശ്രദ്ധ നൽകുന്നുണ്ട്. കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 18 നും 23 നും മുന്നറിയിപ്പ് നൽകി. ദുരന്തത്തിന് മുൻപ് അതിശക്തമായ മഴ പെയ്തു. ദുരന്ത സാധ്യത കണ്ട് തന്നെയാണ് എൻഡിആർഎഫിൻ്റെ 9 സംഘങ്ങളെ കേരളത്തിലേക്ക് അയച്ചത്. ഗുജറാത്തിൽ നൽകിയ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ അവർ ഗൗരവത്തോടെ കണ്ടത് കൊണ്ട് അവിടെ  ജീവഹാനി ഉണ്ടായില്ല. ഏഴ് ദിനം മുൻപ് മുന്നറിയിപ്പ് നൽകിയിട്ടും കേരളം എന്ത് ചെയ്തു? എത്ര ജീവനുകൾ രക്ഷിക്കാമായിരുന്നു. രക്ഷാപ്രവർത്തനത്തിലും, പുനരധിവാസത്തിലും കേന്ദ്രം ഒപ്പം ഉണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.