ജാഗ്രതാ ന്യൂസ്
സ്‌പെഷ്യൽ
കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഒറ്റയ്ക്ക് കരിങ്കൊടിയുമായി എത്തിയ കെ.എസ്.യു നേതാവിനെ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്തിയ കമാൻഡോ സംഘം നേരിട്ടത് ഓടിയെത്തുന്ന ഇന്നോവ കാറിന്റെ ഡോർ തുറന്ന്. കണ്ണൂരിൽ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിനു മുന്നിലേയ്ക്കു ചാടി വീണ കെ.എസ്.യു നേതാവിനെയാണ് മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിൽ എത്തിയ ഇന്നോവ കാറിന്റെ ഡോർ തുറന്ന് കമാൻഡോ സംഘം നേരിട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
കണ്ണൂരിലെ പൊതുപരിപാടിയ്ക്ക് എത്തിയ മുഖ്യമന്ത്രിയെ തടയാനും, കരിങ്കൊടി കാട്ടാനും യൂത്ത് കോൺഗ്രസ് -കെ.എസ്.യു പ്രവർത്തകർ തമ്പടിച്ചിരുന്നു. ഇതേ തുടർന്നു കെ.എസ്.യു പ്രവർത്തകരിൽ ഒരാൾ പ്രതിഷേധവുമായി എത്തി ഒറ്റയ്ക്ക് കരിങ്കൊടി കാട്ടുകയായിരുന്നു. കരിങ്കൊടി കാട്ടുന്നതിനായി ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് മുന്നോട്ട് ഓടിയെത്തിയ നേതാവിനെ ഇന്നോവ കാറിന്റെ വാതിൽ തുറന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് എത്തിയ കമാൻഡോ സംഘം നേരിട്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വാഹനത്തിന്റെ ഡോർ തുറക്കേണ്ട യാതൊരു സാഹചര്യവുമില്ലാത്തപ്പോഴാണ് ഇയാളെ നേരിടുന്നതിനായി ഡോർ തുറന്ന് പൊലീസ് അതിക്രമം കാണിച്ചത്. വാഹന വ്യൂഹം കടന്നു പോകുമ്പോഴെല്ലാം മുദ്രാവാക്യം വിളിയുമായി ഈ നേതാവ് മുന്നിൽ തന്നെയുണ്ടായിരുന്നു. തുടർന്ന്, പിന്നാലെ എത്തിയ യതീഷ് ചന്ദ്ര അടങ്ങിയ സംഘം വാഹനം നിർത്തി ഈ നേതാവിനെ പിടികൂടി വാഹനത്തിൽ കയറ്റി. പൊലീസ് സംഘം ഇദ്ദേഹത്തെ വാഹനത്തിൽ കയറ്റുമ്പോൾ ചുവപ്പ് കൊടിയുമായി പിന്നാലെ ഓടിയെത്തിയ സി.പി.എം പ്രവർത്തകർ ഇയാളെ മർദിക്കുന്നതും വീഡിയോയിൽ കാണാം.
പ്രതിഷേധക്കാരെ മർദിച്ച് ഒതുക്കുന്നതിനെതിരെ ശക്തമായ നിലപാട് കേരളത്തിനു പുറത്തും മുൻകാലങ്ങളിലും സ്വീകരിച്ചിരുന്ന സി.പി.എമ്മിന്റെ നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ഇപ്പോൾ കണ്ണൂരിൽ പൊലീസ് സ്വീകരിച്ചിരിക്കുന്നത്. ഇത് കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുന്നത്.