“ദൗർഭാഗ്യകരവും വേദനാജനകവും; ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും”; പ്രതികരിച്ച് മുഖ്യമന്ത്രി

കോട്ടയം: മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതു പോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Advertisements

അതേ സമയം, മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ​ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണ കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്. രണ്ടര മണിക്കൂര്‍ നേരമാണ് ബിന്ദു തകര്‍ന്നുവീണ കെട്ടിടത്തിനിടയിൽ കുടുങ്ങിക്കിടന്നത്. ബിന്ദുവിന്‍റെ ശ്വാസകോശം, കരള്‍, ഹൃദയം ഉള്‍പ്പെടെയുള്ള ആന്തരീകാവയവങ്ങള്‍ക്ക് ഗുരുതരമായി ക്ഷതമേറ്റിരുന്നു.

Hot Topics

Related Articles