തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി വേദിയിലിരിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധി.പോലീസിനെ വിമർശിക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ ശൈലിയെ ഇവർ പരിഹസിച്ചത്. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കില്‍ പോലീസ് സ്റ്റേഷനുകളില്‍ പോകണമെന്നും സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണെന്നും പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും അവർ വിമർശിച്ചു.
മുഖ്യമന്ത്രി വേദിയിലിരിക്കവെയായിരുന്നു ആഭ്യന്തര വകുപ്പിനും നേരെയുള്ള വിമർശനം. പോലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല. പാർട്ടി നേതാക്കള്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. പാർട്ടിയില്‍ വനിതകള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യമില്ലെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വനിതകളെ പാർട്ടി പദവികളില്‍ തഴയുന്നു. നിശ്ചിത പാർട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്ന ചോദ്യവും സമ്മേളനത്തില്‍ ഉയർന്നു.