കൊച്ചി: മാസപ്പടി കേസിൽ വിവിധ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ പേരെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി, എക്സാലോജിക്ക് ഉൾപ്പെടെ 13 പേരെ കൂടി കക്ഷിയാക്കാനാണ് നിർദേശിച്ചത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
മാസപ്പടി കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഷോൺ ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. എസ്എഫ്ഐഒ കേസിൽ പ്രതിസ്ഥാനത്തുള്ളവരെയാണ് ഹർജിയിൽ എതിർ കക്ഷികളാക്കിയത്. മാസപ്പടി കേസ് സിബിഐ, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളും അന്വേഷിക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ പ്രതികളെ കൂടി കേൾക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തിലാണ് കൂടുതൽ പേരെ ഹർജിയിൽ കക്ഷി ചേർക്കാൻ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തോടൊപ്പമുള്ള അനുബന്ധ രേഖകളുടെ പകർപ്പാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നൽകിയ ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിഎംആർഎൽ ഉടമ ശശിധരൻ കർത്തയുടെ പക്കൽ നിന്ന് ആദായ നികുതി റെയ്ഡിൽ കണ്ടെടുത്ത ഡയറിയുടെ പകർപ്പ് അടക്കമുള്ളവയാണ് ഷോൺ ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം നേരത്തെ ജില്ലാക്കോടതി തള്ളിയിരുന്നു. തുടർന്നാണ് ഷോൺ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.