ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ 10 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥ൪ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ റെസ്ക്യൂവ൪മാരുടെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടിയത്.
ഭസ്മക്കുളത്തിന് സമീപം കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്ന് ഈ പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മകരവിളക്കിന് മുന്നോടിയായി വനം വകുപ്പ് ഫുൾ പട്രോളിംഗ് ഏ൪പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അധികൃത൪ പറഞ്ഞു. പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ മൂന്ന് പേരാണ് സന്നിധാനത്ത് വനം വകുപ്പിനൊപ്പം പ്രവ൪ത്തിക്കുന്നത്.
ഒരാൾ മരക്കൂട്ടത്തിലും പമ്പയിൽ മറ്റൊരു സംഘവും പ്രവ൪ത്തിക്കുന്നു. നേരത്തേ പമ്പയിൽ നിന്ന് രാജവെമ്പാലയെ പിടികൂടിയിരുന്നു. സന്നിധാനത്ത് നിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബ൪ 15 മുതലുള്ള തീ൪ഥാടന കാലയളവിൽ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.