കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ ചെലവുകളുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാൻ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി അറിയിച്ചു.
തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട പണമിടപാടുകൾക്കു മാത്രമായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് ഒരു ദിവസം മുമ്പെങ്കിലും പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണം. ഒരു സ്ഥാനാർത്ഥിക്ക് പരമാവധി 95,00,000/- രൂപ ചെലവാക്കാം. സീരിയൽ നമ്പരും പേജ് നമ്പരും കൃത്യമായി രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് രജിസ്റ്റർ വരണാധികാരിയുടെ കാര്യാലയത്തിൽനിന്ന് ശേഖരിക്കണം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം ഏജന്റിനെ നിയോഗിച്ച് ഇക്കാര്യം വരണാധികാരിയെ അറിയിക്കണം. തെരഞ്ഞെടുപ്പ് ചെലവുകളും ചെലവ് രജിസ്റ്റർ കൈകാര്യം ചെയ്യുന്നതുമായും ബന്ധപ്പെട്ട് വരണാധികാരി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ സ്ഥാനാർഥിയോ ചെലവുകളുടെ ചുമതലയുള്ള ഏജന്റോ പങ്കെടുക്കണം.
പ്രചാരണവുമായി ബന്ധപ്പെട്ട സാധന സാമഗ്രികളുടെ നിരക്കുകളും അനുബന്ധ നിരക്കുകളും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ നിർണയിച്ചിട്ടുണ്ട്. ചെലവ് കണക്കുകൾ തയാറാക്കുമ്പോൾ ഈ നിരക്കുകൾ കൃത്യമായി പാലിക്കണം. സംശയ നിവാരണത്തിന് ചെലവ് നിരീക്ഷണത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസറെ (ഫിനാൻസ് ഓഫീസർ, കളക്ടറേറ്റ് കോട്ടയം ) ബന്ധപ്പെടാം.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതു മുതൽ ഫലപ്രഖ്യാപനം വരെയുള്ള കണക്കുകൾ സൂക്ഷിക്കണം. പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങൾക്കും അനുമതി വാങ്ങണം. ഇതു വാഹനങ്ങളുടെ വിൻഡ് സ്ക്രീനിൽ പ്രദർശിപ്പിക്കണം.
അനുമതി എടുത്തശേഷം വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ ഇക്കാര്യം വരണാധികാരിയെ അറിയിച്ചാൽ അനുമതി റദ്ദാക്കി നൽകും. അല്ലാത്തപക്ഷം പ്രസ്തുത വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിരക്ക് സ്ഥാനാർഥിയുടെ ചെലവ് കണക്കിൽ ഉൾപ്പെടുത്തും. റാലികൾ, യോഗങ്ങൾ, ഘോഷയാത്രകൾ തുടങ്ങിയവയ്ക്ക് പ്രതീക്ഷിക്കുന്ന ചെലവ് സഹിതം വരണാധികാരിയുടെ അനുമതി നേടണം
റാലിക്കായി വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങളുടെ ചെലവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. പ്രചാരണത്തിനായി പോസ്റ്ററുകൾ തയാറാക്കുമ്പോൾ ബന്ധപ്പെട്ട പ്രസ് ഉടമകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രസ്താവന സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിന് മുൻപ് തയാറാക്കുകയും നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുശേഷവും പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന പോസ്റ്ററുകൾ ബാനറുകൾ, ലഘുലേഖകൾ എന്നിവയുടെ ചെലവ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
എല്ലാ പണമിടപാടുകളും (ചെലവുകൾ, വായ്പകൾ, നിക്ഷേപങ്ങൾ തുടങ്ങിയ ഉൾപ്പെടെ) തെരഞ്ഞെടുപ്പ് ചെലവ് ഇടപാടുകൾക്കായി ആരംഭിച്ച അക്കൗണ്ടിലൂടെ ചെക്ക്, ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ എന്നിവ മുഖേനയേ നടത്താവൂ.
പാർട്ടി നൽകുന്ന ഫണ്ട്, സ്വന്തം കൈയിൽനിന്ന് എടുക്കുന്നത്, മറ്റുള്ളവർ നൽകുന്ന സംഭാവനകൾ, വായ്പകൾ എന്നിവയുടെ വിശദ വിവരങ്ങൾ സൂക്ഷിക്കേണ്ടതാണ്. നൽകാനുള്ള തുകയും ഇതിൽ ഉൾപ്പെടുത്തണം.
താരപ്രചാരകരുമായി വേദി പങ്കിടുകയോ സ്ഥാനാർത്ഥിക്കുവേണ്ടി താരപ്രചാരകർ വോട്ട് അഭ്യർത്ഥിക്കുകയോ അത്തരം പരിപാടികളിൽ പങ്കെടുക്കുകയോ ചെയ്താൽ അത് സ്ഥാനാർത്ഥിയുടെ ചെലവിനൊപ്പം കൂട്ടുന്നതാണ്.
പ്രചാരണ കാലയളവിൽ ചെലവ് നിരീക്ഷകന് മൂന്ന് തവണ പരിശോധന നടത്തുന്നതാണ്. അക്കൗണ്ടിന്റെ വിശദവിവരങ്ങളും രജിസ്റ്ററുകളുമായി സ്ഥാനാർത്ഥി നേരിട്ടോ സ്ഥാനാർത്ഥിയുടെ ഏജന്റോ നിരീക്ഷകന്റെ മുമ്പാകെ ഹാജരാകണം.
തിരഞ്ഞെടുപ്പ് ചെലവിലെ പൊരുത്തക്കേടുകളുമായി ബന്ധപ്പെട്ട് വരണാധികാരി ബന്ധപ്പെടുകയോ നോട്ടീസ് നൽകുകയോ ചെയ്താൽ 48 മണിക്കൂറിനുള്ളിൽ പ്രതികരണം അറിയിക്കണം. മാധ്യമങ്ങളിൽ സ്ഥാനാർഥിക്ക് അനുകൂലമായി പെയ്ഡ് ന്യൂസ് കണ്ടെത്തിയാൽ അത് സ്ഥാനാർത്ഥിയുടെ ചെലവിനൊപ്പം പരിഗണിക്കും. പെയ്ഡ് ന്യൂസുകൾ കണ്ടെത്തുന്ന പക്ഷം ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ്് മോണിട്ടറിംഗ് കമ്മിറ്റി( എം.സി.എം.സി) എടുക്കുന്ന തീരുമാനങ്ങൾ വരണാധികാരി സ്ഥാനാർഥികളെ അറിയിക്കുമ്പോൾ സമയബന്ധിതമായി പ്രതികരിക്കേണ്ടതാണ്.
എം.സി.എം.സിയുടെ തീരുമാനത്തിൽ വിയോജിപ്പുണ്ടെങ്കിൽ നിശ്ചിത സമയപരിധിക്കുള്ളിൽ സംസ്ഥാന എം.സി.എം.സിക്ക് അപ്പീൽ നൽകാം. വോട്ടർമാരെ സ്വാധീനിക്കുന്ന നടപടികളിൽ നേരിട്ടോ അല്ലാതെയോ ഒരു പാർട്ടി പ്രവർത്തകരും ഉൾപ്പെടാൻ പാടില്ല. ഫലപ്രഖ്യാപനത്തിനു ശേഷം 23 ദിവസത്തിനുള്ളിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നതിനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിലും 26 ാം ദിവസം സംഘടിപ്പിക്കുന്ന അക്കൗണ്ട് റെക്കൺസിലിയേഷൻ മീറ്റിംഗിലും സ്ഥാനാർത്ഥിയോ ഏജന്റോ പങ്കെടുക്കേണ്ടതാണ്.
ഫലപ്രഖ്യാപനത്തിനുശേഷം 30 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട രേഖകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ മുമ്പാകെ ഹാജരാക്കണം.