പത്തനംതിട്ട : വിലക്കയറ്റമടക്കമുള്ള ജനങ്ങൾ അഭിമുഖീ കരിക്കുന്ന ഗുരുതര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സൂത്രവിദ്യയാണ് ഗവർണർ – സർക്കാർ ചക്കളത്തി പോരാട്ടമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ മൂന്നിരട്ടി വർദ്ധനവ് ഉണ്ടായിട്ടും സർക്കാർ ഒരിടപെടലും നടത്തുന്നില്ല. അധികാരത്തിന്റെ സുഖശീതളമയ്ക്കു വേണ്ടി ധൂർത്തും ദുർവ്യയവും ഈ സർക്കാർ മുഖമുദ്രയാക്കിയിരിക്കുകയാണെന്നും പുതുശ്ശേരി പറഞ്ഞു.
കേരള കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം നേതൃ സമ്മേളനം ആനന്ദ ഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് ദിപു ഉമ്മൻ അധ്യക്ഷത വഹിച്ചു. ജോൺ കെ. മാത്യൂസ്, ഡോ. എബ്രഹാം കലമണ്ണിൽ, ജോർജ് കുന്നപ്പുഴ, അഡ്വ. ബാബു വർഗീസ്, ടി എബ്രഹാം, റോയ് ചാണ്ടപ്പിള്ള, സാം മാത്യു, അച്ചൻകുഞ്ഞ് ഇലന്തൂർ,വി ടി തോമസ് ,സക്കറിയ പി സി എന്നിവർ പ്രസംഗിച്ചു.