ചെന്നൈ : കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറണം എന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ചെന്നൈയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി ഇരൈ അൻപ്, ഡിജിപി ശൈലേന്ദ്രബാബു, ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഇന്‍റലിജൻസ് മേധാവി ഡേവിഡ്‌സൺ ദേവാശിർവാദം മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കോയമ്പത്തൂർ നഗരത്തിന്‍റെ സുരക്ഷ കൂട്ടാനും യോഗത്തിൽ തീരുമാനമായി. കരുമ്പുക്കട, സുന്ദരപുരം, ഗൗണ്ടംപാളയം എന്നിവിടങ്ങളിൽ ഉടൻ പുതിയ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കും. രഹസ്യാന്വേഷണ വിഭാഗത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനത്തെ ജനസാന്ദ്രത കൂടിയ നഗരങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും സംസ്ഥാന സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.