കോട്ടയം: കമന്റിട്ടാൽ വൻ തുക പ്രതിഫലം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് കാഞ്ഞിരപ്പള്ളി അൽഅസർ എൻജിനീയറിംങ് കോളേജ് വിദ്യാർത്ഥിനിയായ യുവതിയിൽ നിന്നും 1.90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പണം തിരികെ നൽകാൻ കോടതി വിധി. യുവതിയുടെ നഷ്്മായ തുകയിൽ സൈബർ സെൽ തിരികെ പിടിച്ച 1.40 ലക്ഷം രൂപ തിരികെ നൽകാനാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്.റോഷ്നി ഉത്തരവിട്ടത്. വാദിയായ യുവതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി കോടതിയിൽ ഹാജരായി.
2023 ആഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോണിൽ വന്ന സന്ദേശം വിശ്വസിച്ചതോടെയാണ് തട്ടിപ്പിന് തുടക്കമായത്. ടെലഗ്രാം, യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷൻ സ്ഥിരമായി ഉപയോഗിക്കുന്ന യുവതിയോട് ഈ ആപ്ലിക്കേഷൻ വഴി കമന്റിട്ടാൽ പണം ലഭിക്കുമെന്ന് തട്ടിപ്പുകാർ വിശ്വസിപ്പിക്കുകയായിരുന്നു. ഇത് വിശ്വസിച്ച യുവതി 1.90 ലക്ഷം രൂപ ഓൺലൈനായി അയച്ചു നൽകി. പിന്നീട്, താൻ തട്ടിപ്പിന് ഇരയായതായി സംശയം തോന്നിയ യുവതി സൈബർ സെല്ലിന്റെ 1093 എന്ന നമ്പരിൽ ബന്ധപ്പെട്ടു. ഉടൻ തന്നെ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്യുകയും പണം തിരികെ പിടിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുജറാത്തിലെ ചോട്ടു ബിശ്വാസ് എന്നയാളുടെ കൊടാക് മഹീന്ദ്ര ബാങ്ക് വെസ്റ്റ് ബംഗാൾ ഇന്ദിരാ ഗാന്ധി റോഡിൽ നിന്നും 20000 രൂപയും, ആന്ദ്ര പ്രദേശിലെ ജഗാറെഡി എന്നയാളുടെ എച്ച്ഡിഎഫ്സി കുടകപ്പള്ളി ശാഖയിൽ നിന്നും 45000 രൂപയും, ഗുജറാത്തിലെ ബഹോര എന്നയാളുടെ ഐസിഐസി ബാങ്കിന്റെ വസന്ത് ബാങ്കിൽ നിന്നും 75000 രൂപയും പിടിച്ചെടുത്തു. ഇതേ തുടർന്ന് കക്ഷിയുടെ അഭിഭാഷകൻ അഡ്വ.വിവേക് മാത്യു വർക്കി കോട്ടയം സിജെഎം കോടതിയിൽ ഹർജി നൽകുകയായിരുന്നു. കക്ഷിയുടെയും ബാങ്ക് മാനേജർമാരുടെയും വാദം കേട്ടശേഷം കോടതി തുക തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു.