കോട്ടയം: കെ.എസ്.ആർ.ടി.സി കണ്ടക്ടർ അമ്മയെയും മകളെയും രാത്രിയിൽ ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കി വിട്ടെന്ന് പരാതി. കോട്ടയം പ്രവിത്താനം പാലത്തിങ്കൽ രജനി വിനുവാണ് മല്ലപ്പള്ളി ഡിപ്പോയിലെ ബസ് ജീവനക്കാർക്കെതിരെ പരാതി നൽകിയത്. നീറ്റ് എക്സാം കഴിഞ്ഞ മകൾക്കൊപ്പം പാലായിൽ മടങ്ങി എത്തിയ പരാതിക്കാരി പ്രവിത്താനത്തേക്ക് പോകുന്നതിനായി 8.45 ആയപ്പോൾ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിൽ കയറി. ടിക്കറ്റ് എടുത്തപ്പോൾ കണ്ടക്ടർ മോശമായി സംസാരിച്ചു. ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിന്നും ഏറെ ദൂരം മാറിയാണ് നിർത്തിയതെന്നും പരാതിയിൽ പറയുന്നു.
ഡ്രൈവർ ബസ് നിർത്താൻ ശ്രമിച്ചപ്പോൾ ബസ് കുറച്ചൂടെ മുന്നോട്ട് നിർത്താൻ കണ്ടക്ടർ ആംഗ്യം കാണിച്ചു. തുടർന്ന് ബസ് ആളൊഴിഞ്ഞ ഇരുട്ടുമൂടിയ സ്ഥലത്താണ് നിർത്തിയതെന്നും പരാതിയിൽ പറയുന്നു. മല്ലപ്പള്ളി ഡിപ്പോയുടെ ബസിലാണ് ഇവർ യാത്ര ചെയ്തിരുന്നത്. അഞ്ചാം തിയതി രാത്രിയാണ് സംഭവം. പാലാ എടി ഒ ക്കാണ് പരാതി നൽകിയിരിക്കുന്നത്. പരാതി അന്വേഷിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.