കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി വിമാനത്തിൽവച്ച് കരിങ്കൊടി കാണിച്ചതിനെതിരെ പ്രതിഷേധവുമായി സി.പി.എം. സി.പി.എം പ്രതിഷേധത്തിന്റെ ഭാഗമായി കുമാരനല്ലൂരിൽ കോൺഗ്രസിന്റെ സ്മൃതി മണ്ഡലം തകർത്തു. കുമാരനല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിനിടെയാണ് കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപത്ത് കോൺഗ്രസ് സ്ഥാപിച്ചിരുന്ന സ്മൃതി മണ്ഡപം തകർത്തത്.
പ്രകടനമായി എത്തിയ സിപിഎം പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യവുമായി എത്തി മണ്ഡലം തകർക്കുകയായിരുന്നുവെന്നു കുമാരനല്ലൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു. തുടർന്നു പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. സംഘർഷ സ്ഥിതി കണക്കിലെടുത്ത് പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.