ഭുവനേശ്വര്‍: കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി ധീരജ് പ്രസാദ് സാഹുവിന്റെ വീടുകളിലും സ്ഥാപനങ്ങള്‍ക്കുമെതിരെ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 250 കോടി രൂപ കണ്ടെത്തി. സാഹുവിന്റെ വീട്ടില്‍ നിന്ന് മാത്രം 100 കോടിയിലേറെ പണമാണ് പിടിച്ചെടുത്തത്. എംപിയുടെ ഉടമസ്ഥതയിലുള്ള ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസുകളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടന്നത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എട്ട് കൗണ്ടിംഗ് മെഷീനുകള്‍ എത്തിച്ചാണ് ഉദ്യോഗസ്ഥര്‍ നോട്ടെണ്ണുന്നത്. യന്ത്രങ്ങള്‍ കുറവായതിനാല്‍ നോട്ടെണ്ണല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തെരച്ചില്‍ നടത്തിയതായി ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. സാഹുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു ബിസിനസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നിന്ന് ആദായനികുതി വകുപ്പ് 250 കോടി രൂപ കണ്ടെടുത്തതിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചു. ഈ കറൻസി നോട്ടുകളുടെ കൂമ്ബാരം നോക്കണം, എന്നിട്ട് കോണ്‍ഗ്രസ് നേതാക്കളുടെ സത്യസന്ധതയെക്കുറിച്ചും നമ്മള് മനസിലാക്കണം. ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും ഇവര്‍ തിരികെ നല്‍കേണ്ടിവരും. ഇത് മോദിയുടെ ഉറപ്പാണെന്നും അദ്ദേഹം കുറിച്ചു. സംഭവത്തില്‍ സാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല.