ദില്ലി: 1984 ൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ദില്ലി വിചാരണ കോടതി. കലാപത്തിനിടെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് വിധി. ദില്ലി വിചാരണ കോടതി സ്പെഷ്യൽ ജഡ്ജ് കാവരേി ബവേജയുടേതാണ് വിധി. നിലവിൽ തിഹാർ ജയിലിലാണ് കോൺഗ്രസ് നേതാവ്. ഫെബ്രുവരി 12 ന് കേസിൽ സജ്ജൻ കുമാർ കുറ്റക്കാരനാണെന്ന് ഡൽഹി റോസ് അവന്യു കോടതി കണ്ടെത്തിയിരുന്നു.
അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസെന്ന് പരാമർശിച്ചാണ് പ്രോസിക്യൂഷൻ കേസ് വാദിച്ചത്. വിവിധ മതവിഭാഗങ്ങൾക്കിടയിലുള്ള വിശ്വാസത്തെയും ഐക്യത്തെയും ബാധിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും അതിനാൽ വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദില്ലിയിലെ സരസ്വതി വിഹാറിൽ 1984 നവംബർ 1 ന് ജസ്വന്ത് സിങ്, മകൻ തരുൺ ദീപ് സിങ് എന്നിവരെ തീ കൊളുത്തി കൊലപ്പെടുത്തുകയും വീട് കൊള്ളയടിക്കുകയും ചെയ്തതാണ് കേസ്. കുറ്റകൃത്യത്തിൽ അക്രമി സംഘത്തെ നയിച്ചത് സജ്ജൻ കുമാറാണെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ശേഷം 1991 ൽ സജ്ജൻ കുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ 3 വർഷത്തിനു ശേഷം തെളിവില്ലെന്ന കാരണത്താൽ കുറ്റപത്രം തള്ളിയിരുന്നു.
പിന്നീട് 2015 ൽ കേസിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും 2016 ൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. 2021 ൽ ഈ കേസിൽ സജ്ജൻ കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ദില്ലി പാലം കോളനിയിൽ 5 പേർ കൊല്ലപ്പെട്ട കേസിലാണ് ഇതിനു മുൻപ് സജ്ജൻ കുമാറിന് ജീവപര്യന്തം ലഭിച്ചത്. ഇതിനെതിരായ ഹർജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.