പാര്‍ട്ടിക്കുള്ളില്‍ പല എംഎല്‍എ മോഹികളുമുണ്ട് ; തൃശൂരില്‍ തന്നെ തോല്‍പിക്കാന്‍ പല കോണ്‍ഗ്രസുകാരും ശ്രമിച്ചിരുന്നു ; പത്മജ വേണുഗോപാല്‍

തൃശൂര്‍ : തൃശൂരില്‍ തന്നെ തോല്‍പിക്കാന്‍ പല കോണ്‍ഗ്രസുകാരും ശ്രമിച്ചിരുന്നെന്ന് പത്മജ വേണുഗോപാല്‍. തൃശൂരിലെ തോല്‍വിക്ക് പിന്നില്‍ പാര്‍ട്ടിയാണെന്നും പത്മജ വേണുഗോപല്‍ ആരോപിച്ചു. തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ പേരെടുത്ത് തന്നെ പറയേണ്ടവരോട് പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ പ്രത്യേകിച്ച്‌ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പത്മജ കുറ്റപ്പെടുത്തി. പാര്‍ട്ടിക്കുള്ളില്‍ പല എം എല്‍ എ മോഹികളുമുണ്ടെന്നും സുരേഷ് ഗോപി വന്നിരുന്നെങ്കില്‍ പോലും താന്‍ വിജയിച്ചിരുന്നേനെ എന്ന് വിശ്വസിക്കുന്നയാളാണെന്നും അവര്‍ പറഞ്ഞു. പത്മജ ജയിച്ചാല്‍ ഇനി പത്ത് കൊല്ലത്തേക്ക് നോക്കേണ്ട എന്നൊക്കെ പറഞ്ഞവരുണ്ട്. മത്സരിക്കാന്‍ താത്പര്യമില്ലാത്ത ചില ആളുകളെ അവിടെയിറക്കി തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Advertisements

അതേസമയം പാര്‍ട്ടിയില്‍ നിന്ന് നല്ല അനുഭവമുണ്ടായാലും ചീത്ത അനുഭവമുണ്ടായാലും പാര്‍ട്ടിയുമായി യോജിച്ച്‌ പോവുക എന്നതാണ് തന്റെ നിലപാട് എന്നും ഒന്നും തുറന്നു പറയുന്ന പ്രകൃതമല്ല തന്റേത് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ‘അതില്‍ ഞാനും സഹോദരനും തമ്മില്‍ വ്യത്യാസമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ നിലവിലുളള എംപിയെ പിന്തുണയ്ക്കും’, പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛന്‍ തനിക്ക് വേണ്ടി ഒന്നും ചെയ്ത് തന്നിട്ടില്ലെന്നും അച്ഛന്റെ അവസാന കാലത്താണ് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുരളിയേയും കൊണ്ടുവരണമെന്ന് കരുണാകരന്റെ മനസിലുണ്ടായിരുന്നില്ല.കൂടെയുണ്ടായിരുന്ന ചിലരെയായിരുന്നു അച്ഛന് താല്‍പര്യമെന്നും പത്മജ വെളിപ്പെടുത്തി. എന്നാല്‍ എല്ലാവരും കൂടി മുരളിയെ ചവിട്ടികൂട്ടുന്നത് കണ്ട് അച്ഛന്‍ എന്ന നിലക്ക് അദ്ദേഹത്തിന് താത്പര്യം വരികയായിരുന്നു.

കരുണാകരന്‍ കോണ്‍ഗ്രസിലേക്ക് തിരിച്ച്‌ വന്നപ്പോള്‍ കെ മുരളീധരന്‍ വേറെ പാര്‍ട്ടിയില്‍ പോയതില്‍ അദ്ദേഹം വേദനിച്ചിരുന്നു എന്നും പത്മജ പറഞ്ഞു. അച്ഛനെ എനിക്ക് നന്നായി അറിയാം. അച്ഛന് സഹായിക്കാന്‍ കഴിയാത്തവരാണ് അദ്ദേഹത്തോട് നീതി ചെയ്തത് എന്നും അല്ലാത്തവര്‍ ഇപ്പോഴും വേദനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് ദോഷം വരുത്തുന്ന ഒന്നും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും പത്മജ വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ എല്ലാ ഭാഗത്തും എത്താന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് ഒരു വര്‍ഷമായി പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറിനില്‍ക്കുകയാണ് എന്നും പത്മജ വേണുഗോപാല്‍ വ്യക്തമാക്കി. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles