ന്യൂസ് ഡെസ്ക് : ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതില്ക്കല് നില്ക്കവേ കോണ്‍ഗ്രസ് പാർട്ടിയുടെ അകൗണ്ടിൽ നിന്നും 65 കോടി രൂപ ആദയ നികുതി വകുപ്പ് പിടിച്ചെടുത്തു. ആദായനികുതിവകുപ്പ് നടപടിക്കെതിരേ ഇൻകംടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐ.ടി.എ.ടി.) കോണ്‍ഗ്രസ് സമീപിച്ചു.
ചൊവ്വാഴ്ച്ചയാണ് പാർട്ടിയുടെ 115 കോടിരൂപ നികുതി കുടിശ്ശികയുള്ളതില് നിന്നും 65 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെ ബുധനാഴ്ച ഐ.ടി.എ.ടിയെ സമീപിച്ച കോണ്‍ഗ്രസ്, വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു. ബെഞ്ചിന് മുൻപാകെ സമർപ്പിക്കപ്പെട്ടിട്ടുള്ള ഹർജിയില്‍ വാദം കേള്‍ക്കുന്നതിന് മുൻപേയാണ് ആദായനികുതിവകുപ്പിന്റെ നടപടിയെന്ന് കോണ്‍ഗ്രസ് പരാതിയില്‍ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്റ്റേ അപേക്ഷയില്‍ തീരുമാനം ഉണ്ടാകുന്നതുവരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്ന് തുടർനടപടിയുണ്ടാകരുതെന്നും കോണ്‍ഗ്രസ് ഐ.ടി.എ.ടിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിഷയം പരിഗണിക്കുന്നിടംവരെ തല്‍സ്ഥിതി തുടരണമെന്ന് ഐ.ടി.എ.ടി. നിർദേശിച്ചു.
കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നാല് ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതിവകുപ്പ് മരവിപ്പിച്ച കാര്യം, മുതിർന്ന നേതാവും പാർട്ടി ട്രഷററുമായ അജയ് മാക്കനാണ് അറിയിച്ചത്. 2018-19 കാലത്തെ ടാക്സ് റിട്ടേണ്‍ കേസുമായി ബന്ധപ്പെട്ട് 210 കോടിരൂപ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞിരുന്നു.
അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അറിയുന്നത് നല്കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ്. എ.ഐ.സി.സി. ഓഫീസിലെ വൈദ്യുതബില്ലുകള്‍ അടയ്ക്കാനും ജീവനക്കാർക്ക് ശമ്ബളംനല്കാനുമടക്കം പണമില്ലാത്ത അവസ്ഥയാണിപ്പോഴെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
എ.ഐ.സി.സി. അക്കൗണ്ടുകളില്‍ 135.07 കോടിയും യൂത്ത് കോണ്‍ഗ്രസിന്റെ അക്കൗണ്ടുകളില്‍ 75.18 കോടിയും തുക സൂക്ഷിക്കണമെന്നായിരുന്നു ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പ് നല്കിയ നിർദ്ദേശം. ഇതാണ് പിന്നീട് 115 കോടി രൂപ അക്കൗണ്ടില്‍ നിലനിർത്തണമെന്ന നിബന്ധനയോടെ ട്രിബ്യൂണല്‍ പുനഃസ്ഥാപിച്ചത്.