ഡൽഹി : അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കോണ്‍ഗ്രസ് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാരെ വാഹനത്തില്‍ കൂട്ടത്തോടെ എത്തിച്ച് വോട്ട് ചെയ്യുന്ന രീതി പാടില്ലെന്നും സ്ഥാനാര്‍ഥികള്‍ പരസ്പരം ദുഷ്പ്രചരണം നടത്തരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
‘ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ സ്ഥാനാര്‍ഥികള്‍ക്കായി പ്രചരണത്തിനിറങ്ങരുതെന്നും അങ്ങനെ ഇറങ്ങിയാല്‍ പദവി രാജിവെക്കണമെന്നും നിര്‍ദേശമുണ്ട്. തരൂരിനും ഖാര്‍ഗെക്കും പ്രചരണത്തിന് വേണ്ട സൗകര്യങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാര് ഒരുക്കണം.സ്ഥാനാര്‍ഥികള്‍ വോട്ടര്‍മാരുമായി ചേര്‍ന്ന് യോഗം വിളിക്കുമ്ബോള്‍ അതിന് സൗകര്യമൊരുക്കുക എന്നതിനപ്പുറം പി.സി.സി അധ്യക്ഷന്മാര് സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്. ഇരു സ്ഥാനാര്‍ത്ഥികളെയും ഒരുപോലെ പരിഗണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ സ്ഥാനാര്‍ഥിത്വം റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.