കൂരോപ്പട : പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ബി.ഡി. ജെ.എസ് അംഗത്തിന് നൽകുന്നതിനെച്ചൊല്ലി കോൺഗ്രസ്സിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. കൂരോപ്പട പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സണായിരുന്ന സന്ധ്യാ സുരേഷ് രാജി വെച്ചതിനെ തുടർന്ന് ആ സ്ഥാനം കോൺഗ്രസ് അംഗമായ ഒന്നാം വാർഡ് അംഗം സോജി ജോസഫിന് നൽകാൻ തയ്യാറാകാത്തതാണ് വിവാദമായിരിക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത പന്ത്രണ്ടാം വാർഡ് അംഗം ആശാ ബിനുവിന് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം നൽകുന്നതിന് ആലോചിക്കുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.
കോൺഗ്രസ് അംഗത്വം പോലും സ്വീകരിക്കാത്ത വ്യക്തിക്ക് കോൺഗ്രസ് അംഗം നിലവിലുള്ളപ്പോൾ നൽകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. ഒന്നാംവാർഡ് കമ്മറ്റിയോ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പന്ത്രണ്ടാം വാർഡ് കമ്മറ്റിയോ കോൺഗ്രസ് മണ്ഡലം കമ്മറ്റിയോ ആലോചിക്കുക പോലും ചെയ്യാതെ ബി.ഡി.ജെ.എസുകാരിക്ക് ചെയർമാൻ സ്ഥാനം നൽകുന്നത് ആത്മഹത്യാപരമാണെന്ന് നേതാക്കൾ പറയുന്നു. വാർഡിലെ മുഴുവൻ പ്രവർത്തകരും ആശാ ബിനുവിനെ കോൺഗ്രസിൽ എടുക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ അനിൽ കൂരോപ്പട , ബെന്നി വേലിക്കകം, പന്ത്രണ്ടാം വാർഡ് കമ്മറ്റി പ്രസിഡന്റ് അഭിലാഷ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷ് ളാക്കാട്ടൂർ , വിപിൻ വിശ്വനാഥൻ, രാജേന്ദ്രൻ തേരേട്ട് തുടങ്ങിയവർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
എതിർപ്പ് അവഗണിച്ച് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനം ആശാ ബിനുവിന് നൽകിയാൽ കോൺഗ്രസിൽ ശക്തമായ പൊട്ടിത്തെറിയാണ്ടാകുമെന്ന് ഉറപ്പാണ്.