പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ കോൺഗ്രസ് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന പി സരിനെ പാർട്ടിക്കൊപ്പം കൂട്ടുന്നത് ഗുണകരമാകുമെന്നാണ് സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സരിനെ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ജില്ലാ സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ഇക്കാര്യത്തിൽ ജില്ലാ ഘടകത്തിന്റെ അഭിപ്രായം പാർട്ടി നേതൃത്വത്തെ അറിയിക്കും.
സിപിഎമ്മിന് സരിൻ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചാൽ പാർട്ടിക്കൊപ്പം കൂട്ടാമെന്ന നിലപാടിലാണ് ജില്ലയിലെ ഒരു വിഭാഗം. മത്സരിപ്പിക്കുന്നതിൽ വ്യത്യസ്ത അഭിപ്രായമുണ്ട്. സിപിഎം പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവർ പാർട്ടിക്ക് ഉണ്ടാക്കിയ തലവേദന നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. സരിന് മണ്ഡലത്തിൽ ജനപിന്തുണയില്ലെന്ന് പറയുന്നവരുമുണ്ട്. അതേസമയം പി വി അൻവറും സരിനുമായി കൂടിക്കാഴ്ച നടത്തി. തിരുവില്വാമലയിലെ ബന്ധുവീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സരിനെ പാർട്ടി പിന്തുണക്കുമോ എന്ന ചോദ്യത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലനും സാധ്യതകളെ തള്ളാതെയാണ് പ്രതികരിച്ചത്. അവർ് എടുക്കേണ്ട തീരുമാനത്തെക്കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും കാത്തിരുന്ന് കാണാമെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. എൽഡിഎഫിന് ജയിക്കാൻ പറ്റുന്ന എല്ലാ സാധ്യതകളെയും ഉപയോഗിക്കുമെന്നും ജനങ്ങൾക്കിടയിൽ നല്ല സ്വീകാര്യതയുള്ളയാളായിരിക്കും സ്ഥാനാർത്ഥിയെന്നും എകെ ബാലൻ പ്രതികരിച്ചു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിനുപിന്നാലെയാണ് സരിൻ വിമർശനവുമായി രംഗത്തെത്തിയത്. കോൺഗ്രസിനെതിരെ ആഞ്ഞടിച്ച പി സരിൻ, രാഹുൽ മാങ്കൂട്ടത്തിൽ തോറ്റാൽ അത് രാഹുൽ ഗാന്ധിയുടെ പരാജയമാകുമെന്നാണ് പ്രതികരിച്ചത്. സ്ഥാനാർഥി പട്ടികയിൽ തിരുത്തലുണ്ടായില്ലെങ്കിൽ ഹരിയാന ആവർത്തിക്കുമെന്നും കോൺഗ്രസ് സ്ഥാനാർഥി ചർച്ച പ്രഹസനമായിരുന്നെന്നും പി സരിൻ പറഞ്ഞു.