ദില്ലി: സര്‍വകക്ഷി പ്രതിനിധി സംഘ വിവാദത്തില്‍ ഒടുവില്‍ ശശി തരൂരിന് വഴങ്ങി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ അന്തിമ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഇനി തരൂർ ഉൾപ്പെടെ കേന്ദ്രം പുറത്തുവിട്ട പേരുകളിൽ എതിർപ്പ് ഉയർത്തേണ്ടെന്ന് കോൺഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിയെയും ബിജെപിയെയും പോലെ തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.
പ്രതിനിധികളെ സ്വയം നിശ്ചയിച്ച് കോണ്‍ഗ്രസിനുള്ളില്‍ കടുത്ത ഭിന്നതക്കാണ് ബിജെപി ശ്രമിച്ചത്. കേന്ദ്രസര്‍ക്കാരിന് പേര് നല്‍കാതെ അവഗണിക്കല്‍. പാര്‍ട്ടി നിശ്ചയിച്ച പേരുകള്‍ പുറത്ത് വിട്ട് സമ്മര്‍ദ്ദം. എന്നിട്ടും കുലുങ്ങാതിരുന്ന തരൂരിന് മുന്നില്‍ കോണ്‍ഗ്രസ് ഒടുവില്‍ അടിയറവ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി, അമര്‍ സിംഗ് എന്നിവരെ ഉള്‍പ്പടുത്തി യാത്രാ സംഘത്തിന്‍റെ അന്തിമ പട്ടിക ഇന്നലെ രാത്രി പത്തരയോടെ കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കുകയാണെന്ന് എഐസിസി വ്യക്തമാക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മോദി സര്‍ക്കാരിന്‍റെ ഇടപടെലില്‍ ഉള്‍പ്പെടുത്തിയ നാല് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും പ്രതിനിധി സംഘത്തോടൊപ്പം ചേര്‍ന്ന് അവരുടെ സംഭാവനകള്‍ നല്‍കും. പ്രതിനിധികള്‍ക്ക് എല്ലാവിധ ആശംസകളും. പ്രത്യേക പാര്‍ലമെന്‍റെ സമ്മേളനം വിളിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം പ്രതിനിധികള്‍ മറക്കരുതന്നും സമൂഹമാധ്യമമായ എക്സില്‍ പാര്‍ട്ടി വക്താവ് ജയറാം രമേശ് കുറിച്ചു. പാര്‍ട്ടി അനുമതി നല്‍കിയ സാഹചര്യത്തില്‍ മനീഷ് തിവാരിയും, സല്‍മാന്‍ ഖുര്‍ഷിദും, അമര്‍ സിങും സംഘത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം. കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്.
നാല് നേതാക്കളും അനുഭവസമ്പത്തുള്ളവരാണെന്നും അതില്‍ മുന്‍ വിദേശകാര്യമന്ത്രിയായിരുന്നയാള്‍ക്ക് കാര്യങ്ങള്‍ കൂടുതലറിയാമെന്നും തരൂരിനെതിരെ ജയറാം രമേശ് ഒളിയമ്പെയ്തു. കോണ്‍ഗ്രസിനെ അവഗണിച്ച് ബിജെപി നടത്തിയ നീക്കത്തിന് തരൂര്‍ കൂട്ടു നിന്നതില്‍ കടുത്ത അതൃപ്തിയിലാണ് ഹൈക്കമാന്‍ഡ്. കേന്ദ്രസര്‍ക്കാരിന്‍റെ ക്ഷണത്തെ കുറിച്ചറിയിച്ചതല്ലാതെ പോകാന്‍ തരൂര്‍ അനുമതി തേടിയിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ക്ഷണം മറ്റ് നേതാക്കള്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വിളിച്ച നേതാക്കളെ ഒഴിവാക്കി കോണ്‍ഗ്രസ് പട്ടിക നല്‍കുകയായിരുന്നു. അങ്ങനെ കോണ്‍ഗ്രസില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെ നീക്കം ലക്ഷ്യം കാണുകയും ചെയ്തു. രാജ്യതാല്‍പര്യമെന്ന ആയുധത്തില്‍ നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തി ഒടുവില്‍ താന്‍ നിശ്ചയിച്ചിടത്ത് തരൂര്‍ കോണ്‍ഗ്രസിനെ എത്തിച്ചു.