കോട്ടയം ടിബി റോഡിൽ നിന്നും
ജാഗ്രതാ ലൈവ്
പ്രത്യേക പ്രതിനിധി
സമയം : രാത്രി 10.42
കോട്ടയം : എം.സി റോഡിനെയും കെ.കെ റോഡിനെയും ബന്ധിപ്പിക്കുന്ന , കെ.കെ റോഡിന്റെ തുടക്കമായ ടി.ബി ജംഗ്ഷനിൽ നോ എൻട്രി ബോർഡില്ലാത്തത് അപകട ഭീതിയാകുന്നു. ശനിയാഴ്ച രാത്രി പത്തു മണിയോടെ നാല് കണ്ടെയ്നർ ലോറികളാണ് വൺ വേ തെറ്റിച്ച് അപകടത്തിലേയ്ക്ക് ഓടിയെത്തിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് എതിർ ദിശയിൽ നിന്നും എത്തിയ വാഹനങ്ങൾ അപകടത്തിൽപ്പെടാതിരുന്നത്. ഗതാഗതക്കുരുക്കുണ്ടായെങ്കിലും അപകടം ഒഴിവായത് ഭാഗ്യമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉത്തരേന്ത്യക്കാരായ ഡ്രൈവർമാർ ഓടിച്ച നാല് കണ്ടെയ്നർ ലോറികളാണ് വൺ വേ തെറ്റിച്ച് , ടി ബി ജംഗ്‌ഷനിൽ നിന്നും കെ.എസ്.ആർ.ടി.സി ഭാഗത്തേയ്ക്ക് കയറിയെത്തിയത്. എം.സി റോഡിൽ ചങ്ങനാശേരി ഭാഗത്ത് നിന്നും എത്തിയ ലോറികൾ നേരെ പോകാതെ , ടി ബി ഭാഗത്തേയ്ക്ക് തിരിയുകയായിരുന്നു. ഇവിടെ വൺ വേ ആണ് എന്ന് കാണിക്കുന്ന ബോർഡ് ഒന്നും സ്ഥാപിച്ചിട്ടില്ല.
മിക്ക ദിവസങ്ങളിലും രാത്രിയിൽ ഇത്തരത്തിൽ കണ്ടെയ്നർ ലോറികൾ വഴി തെറ്റിയെത്തുന്നത് പതിവാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് പലപ്പോഴും പല വാഹനങ്ങളും അപകടത്തിൽ നിന്നും രക്ഷപെടുന്നത്. രാത്രിയിൽ കെ.എസ്.ആർ.ടി.സി ഭാഗത്ത് നിന്നും എത്തുന്ന പല വാഹനങ്ങളും അമിത വേഗത്തിലാണ് എത്തുന്നത്. ഇത്തരത്തിൽ എത്തുന്ന വാഹനങ്ങൾ വൺ വേ തെറ്റി ച്ചെത്തുന്ന കണ്ടെയ്നറിന് അടിയിൽപ്പെട്ടാൽ വൻ അപകടം ആകും കാത്തിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് , കോട്ടയം നഗര മധ്യത്തിൽ ഇതേ രീതിയിൽ വൺ വേ തെറ്റിച്ചെത്തിയ ലോറി , സ്വകാര്യ ബസിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇത്രത്തോളം ഗുരുതരമായ അപകട ഭീതിയുണ്ടായിട്ടും ടി ബി ജംഗ്ഷനിൽ നോ എൻട്രി , വൺ വേ ബോർഡ് സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.