കോട്ടയം: കൊറിയർ വഴി കഞ്ചാവ് എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കൊറിയർ സ്ഥാപനങ്ങളിൽ എക്സൈസും പൊലീസ് ഡോഗ് സ്ക്വാഡും സംയുക്ത പരിശോധന നടത്തി. കോട്ടയം അസി.എക്സൈസ് കമ്മീഷണർ ആർ.രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബും സംഘവും, എക്സൈസ് ഇൻസ്പെക്ടർ വൈശാഖ് പിള്ളയുടെ നേതൃത്വത്തിലുള്ള എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഘവും, കോട്ടയം എക്സൈസ് ഇൻസ്പെക്ടർ പി വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള കോട്ടയം റേഞ്ച് സംഘവും, സംയുക്തമായാണ് പരിശോധന നടത്തിയത്.
കോട്ടയം പോലീസ് ഡോഗ് സ്ക്വാഡിനെ പങ്കെടുപ്പിച്ച് കോട്ടയം ടൗണിലെ വിവിധ കൊറിയർ സ്ഥാപനങ്ങളിലായിരുന്നു പരിശോധന. പൊലീസ് ഡോഗ് സ്ക്വാഡിലെ അസി.സബ് ഇൻസ്പെക്ടർ പ്രേംജിയുടെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡിലെ നർക്കോട്ടിക് സ്നിഫർ വിഭാഗത്തിലെ ലാബ്രഡോർ നായ ഡോൺ ആണ് പരിശോധന നടത്തിയത്. കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന കെ.ആർ.എസ് , ബ്ലൂ ഡാർട്ട്, സ്പീഡ് ആന്റ് സേഫ്, റെയിൽവേ പാഴ്സൽ സർവസ്, എസ്.ടി കൊറിയർ സർവീസ് എന്നിവിടങ്ങളിലാണ് പൊലീസ് ഡോഗ് സ്ക്വാഡ് സംഘവും, ജില്ലാ എക്സൈസും ചേർന്ന് പരിശോധന നടത്തിയത്. ഈ സ്ഥലങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ 180 ലേറെ പാക്കറ്റുകൾ പരിശോധിച്ചു. എന്നാൽ, ഇവിടെ നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിലും പരിശോധന തുടരും.