കോട്ടയം: മുളക്കുളം പെരുവയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചു തകർത്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. സിഎസ്ഡിഎസ് പ്രവർത്തകരായ മൂന്നു പ്രതികളെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് വിട്ടയച്ചത്. കേസിൽ പ്രോസിക്യൂഷൻ 19 പ്രമാണങ്ങളും 20 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. ഫിംഗർപ്രിന്റ് വിദഗ്ധരെയും സൈന്റിഫിക് വിദഗ്ധരെയും അടക്കം 12 സാക്ഷികളെയും പ്രോസിക്യൂഷൻ വിസ്തരിച്ചു. പൊലീസ് അന്വേഷണത്തിൽ വന്ന പിഴവുകളും പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഒന്നാം പ്രതിയ്ക്ക് വേണ്ടി അഡ്വ.കെ.എസ് ഗോകുൽ, രണ്ടാം പ്രതിയ്ക്കു വേണ്ടി അഡ്വ.ഫിൽസൺ മാത്യൂസ്, മൂന്നാം പ്രതിയ്ക്ക് വേണ്ടി അഡ്വ.ഭാഗ്യം കൊടുവത്ത് എന്നിവർ കോടതിയിൽ ഹാജരായി.