കോട്ടയം: ഇത്തിത്താനത്ത് സിവിൽ കേസിന്റെ നോട്ടീസ് പതിക്കാനെത്തിയ കോടതി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിക്കുകയും, ജോലി തടസപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ ചങ്ങനാശേരി എസ്.ബി കോളേജിലെ അധ്യാപകനായ വൈദികൻ ഇത്തിത്താനം ചാക്കിരിമുക്ക് കുറിഞ്ഞിപ്പറമ്പിൽ ഫാ.ബിന്നി കുറിഞ്ഞിപ്പറമ്പിലിന് എതിരെ ചങ്ങനാശേരി മുൻസിഫിനും മജിസ്ട്രേറ്റിനും ജീവനക്കാരൻ പരാതി നൽകി. ചങ്ങനാശേരി മുൻസിഫ് കോടതിയിലെ പ്രോസസ് സെർവർ ബെന്നി പൗലോസിനെയാണ് വൈദികൻ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.
രണ്ട് ദിവസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരി മുൻസിഫ് കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സമൻസ് അയച്ചിട്ടും പ്രതി കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് കോടതി നടപടി ക്രമങ്ങളുടെ ഭാഗമായി സമൻസ് കോടതിയിൽ പതിക്കുന്നതിനു വേണ്ടിയാണ് പ്രോസസ് സെർവർ ബെന്നി പൗലോസ് ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽ ഈ സമയം ജോലിക്കാരിയും പ്രായമായ അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം നോട്ടീസ് വീടിന്റെ ഭിത്തിയിൽ പതിക്കുന്നതിനിടെ വൈദികൻ കാറിൽ പാഞ്ഞെത്തുകയായിരുന്നുവെന്ന് മജിസ്ട്രേറ്റിന് നൽകിയ പരാതിയിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, വൈദികൻ വീടിനുള്ളിലേയ്ക്ക് കയറി വരികയും മോശമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന്, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്ന ഐഡിക്കാർഡ് ബലമായി പിടിച്ചു വാങ്ങി. തുടർന്ന് ഇതിന്റെ ഫോട്ടോ പകർത്തി. വിവരങ്ങൾ പറയാൻ വിളിച്ച മുതിർന്ന ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും ചെയ്തു. ആളുകൾ നോക്കി നിൽക്കെ വൈദികൻ മോശമായി പെരുമാറിയതായി കോടതി ജീവനക്കാരൻ പറയുന്നു. ഇതിന് ശേഷം ഇദ്ദേഹം കോടതിയിൽ എത്തിയ ശേഷം മുൻസിഫിനും, മജിസ്ട്രേറ്റിനും പരാതി നൽകി. ഇത് കൂടാതെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ചിങ്ങവനം പൊലീസ് കേസെടുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.