പത്തനംതിട്ട: ഭാരതത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന സെറിമോണിയൽ പരേഡ് കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നടന്നത്. രാവിലെ 8.30ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.40ന് പരേഡ് കമാൻഡർ അടൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.ഡി. പ്രജീഷ് പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.45ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനും 8.50ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരും അഭിവാദ്യം സ്വീകരിച്ചു.
ഒൻപതിന് മുഖ്യാതിഥിയായ ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് മന്ത്രി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് നാന്ദികുറിച്ച് ദേശീയ പതാക ഉയർത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10ന് മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിച്ചു. 9.15ന് മന്ത്രി റിപ്പബ്ലിക് ദിനാഘോഷ സന്ദേശം നൽകി. തുടർന്ന് ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലയിലെ റിപ്പബ്ലിക്ദിനാഘോഷത്തോട് അനുബന്ധിച്ചു നടന്ന പരേഡ് ചിട്ടപ്പെടുത്തിയത് ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശനുസരണം ഡിസ്ട്രിക്ക് ഹെഡ്ക്വാർട്ടേഴ്സ് അസിസ്റ്റൻഡ് കമാൻഡന്റ് പി.പി. സന്തോഷ് കുമാർ ആണ്. പരേഡിൽ നാല് പ്ലാറ്റൂണുകളാണ് അണിനിരന്നത്. റിസർവ് സബ് ഇൻസ്പെക്ടർ സാം ജി. ജോസ് നയിച്ച ഡിസ്ട്രിക്ക് ഹെഡ്ക്വാർട്ടേഴ്സ് പ്ലാറ്റൂൺ, അടൂർ പോലീസ് സ്റ്റേഷൻ വനിതാ സബ് ഇൻപെക്ടർ കെ.കെ. സുജാത നയിച്ച വനിതാ പൊലീസ് പ്ലാറ്റൂൺ, എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് നയിച്ച എക്സൈസ് പ്ലാറ്റൂൺ, ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സുബിൻ നയിച്ച ഫോറസ്റ്റ് പ്ലാറ്റൂൺ എന്നിവയാണ് അണിനിരന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ പരിമിതപ്പെടുത്തിയിരുന്നതിനാൽ മാർച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ പൊതുജനങ്ങൾ, വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ആഘോഷ പരിപാടികളിൽ നിന്നും ഒഴിവാക്കി ക്ഷണിതാക്കളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തിയിരുന്നു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേർക്കും സ്റ്റേഡിയം കവാടത്തിൽ തെർമൽ സ്കാനിംഗിന് വിധേയമായി കൈകൾ അണുവിമുക്തമാക്കിയ ശേഷമാണ് അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.