കൊവിഡ് കാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പകർത്തി ഭീഷണി; പാമ്പാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് 66 വർഷം കഠിന തടവ്

കോട്ടയം: കൊവിഡ് കാലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവിന് 66 വർഷം കഠിന തടവ്. തിരുവനന്തപുരം വെട്ടൂർ കെട്ടിടത്തിൽ വീട്ടിൽ സത്യശീലന്റെ മകൻ ഷിജു എസിനെ(38)യാണ് കോട്ടയം ഫാസ്ട്രാക്ക് സ്‌പെഷ്യൽ കോടതി പോക്‌സോ ശിക്ഷിച്ചത്. 12 വകുപ്പുകളിലായി 66 വർഷം കഠിനതടവും ഒരു ലക്ഷത്തോളം രൂപ പിഴയുമാണ് ശിക്ഷിച്ചത്.

Advertisements

പോക്‌സോ, ഐപിസി വകുപ്പുകൾ പ്രകാരം 20 വർഷം വീതം കഠിന തടവും, മറ്റ് എട്ടു വകുപ്പുകളിലായി മൂന്നു വർഷം വീതം കഠിന തടവും, മറ്റ് രണ്ട് വകുപ്പുകളിലായി ഓരോ വർഷം കഠിനതടവുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 12 വകുപ്പുകളിലായാണ് 66 വർഷം ശിക്ഷിച്ചിരിക്കുന്നത്. പോക്‌സോ ആക്ട്, ഐടി ആക്ട്, ഐപിസി എന്നിവ അടക്കം ചുമത്തിയ എല്ലാ വകുപ്പുകളിലും പ്രതിയ്ക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മലേഷ്യയിലായിരുന്ന പ്രതി, നാട്ടിലെ സുഹൃത്താക്കിയ സ്ത്രീ എടുത്ത് നൽകിയ വാട്‌സ് അപ്പ് നമ്പർ ഉപയോഗിച്ചാണ് പെൺകുട്ടിയുടെ അശ്ലീല വീഡിയോ പകർത്തിയത്. പെൺകുട്ടിയുമായി മുൻപരിചയമില്ലാതിരുന്ന പ്രതി അങ്കിളാണെന്നു പരിചയപ്പെടുത്തി വീഡിയോ കോളിൽ എത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി സ്വകാര്യ വീഡിയോയും ചിത്രങ്ങളും പകർത്തി. ഇത് പുറത്ത് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺകുട്ടിയും ബന്ധുക്കളും പരാതിപ്പെട്ടതിനെ തുടർന്ന് പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന നിവിൽ കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയ്ക്കായി അന്വേഷണം നടത്തുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി മലേഷ്യയിലാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഈ ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ 2021 ജൂലായ് 27 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പാമ്പാടി എസ്.എച്ച്.ഒമാരായ യു.ശ്രീജിത്ത്, വിൻസന്റ് ജോസഫ്, ടി.ആർ ജിജു, എസ്.ഐ വി.എസ് അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സിവിൽ പൊലീസ് ഓഫിസർ അനിലകുമാരിയാണ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.പോൾ കെ.എബ്രഹാം കോടതിയിൽ ഹാജരായി.

Hot Topics

Related Articles