പത്തനംതിട്ട: കൊവിഡ് മൂലം മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടു കുട്ടികള്‍ക്കായി മൂന്നു ലക്ഷം രൂപം വീതം സര്‍ക്കാര്‍ ട്രഷറി സേവിങ്സ് അക്കൗണ്ടില്‍ ഫിക്സഡ് ഡെപ്പോസിറ്റായി നിക്ഷേപിച്ചതിന്റെ രേഖ കുട്ടികളുടെയും അവരുടെ നിലവിലുള്ള രക്ഷിതാവിന്റെയും സാന്നിധ്യത്തില്‍ മന്ത്രി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നീതാ ദാസിന് കൈമാറി.
ഫിക്സഡ് ഡെപ്പോസിറ്റായി തുക നിക്ഷേപിക്കുകയും 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൈമാറുകയും ചെയ്യും. കൂടാതെ പ്രതിമാസം 2,000 രൂപ വീതം ഈ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനും മറ്റ് ജീവനോപാധികള്‍ക്കുമായി അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. വനിതാ ശിശു വികസന ഓഫീസര്‍ പി എം തസ്നിം, കുട്ടികളുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.