ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലോകം ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണിയില്‍ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം മറ്റ് പല രാജ്യങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്തര്‍ദേശീയ യാത്രക്കാരുടെ നിരീക്ഷണവും പരിശോധനയും ഉറപ്പാക്കും. അന്തര്‍ദേശീയ യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിക്കും- ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം, കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നുള്ള സാമ്പിളുകള്‍ വകഭേദം തിരിച്ചറിയുന്നതിനുള്ള പരിശോധനക്ക് വേഗത്തില്‍ വിധേയമാക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നെത്തിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ സാമ്പിളുകള്‍ വിവിധ സംസ്ഥാനങ്ങള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറിയും അറിയിച്ചു.