തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷം മുന്‍പാണ് കൊവിഡ് രൂക്ഷമായപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
രാജ്യത്ത് കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ് വന്നതിനെ തുടര്‍ന്ന് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് കഴിഞ്ഞ മാസം കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇളവുകള്‍ ഏതുരീതിയില്‍ നടപ്പാക്കണമെന്നത് സംബന്ധിച്ച് അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ മാസ്ക് ഉള്‍പ്പെടെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേരളം മാസ്ക് ഒഴികെയുള്ള മറ്റെല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് ഉത്തരവിറക്കിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 23ന് സംസ്ഥാനത്ത് ആദ്യമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിയന്ത്രണങ്ങളേര്പ്പെടുത്തിയുള്ള ഉത്തരവുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങിയത്. അതിനു ശേഷം കൊവിഡ് വ്യാപനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് അനുസരിച്ച് നിയന്ത്രണങ്ങള്‍ക്ക് മാറ്റം വന്നുകൊണ്ടിരുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് ഈവര്‍ഷം ഫെബ്രുവരിയില്‍ ഹോട്ടലുകളിലും, തിയെറ്ററുകളിലും മറ്റും നൂറു ശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുപരിപാടികള്‍ക്ക് പരാമവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നും അന്ന് പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഉത്തരവിറങ്ങിയതോടെ ആള്‍ക്കൂട്ടവും സാമൂഹികാകലവുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായി.