കോട്ടയം: ബുക്ക് കയറ്റിയെത്തിയ ലോറിയിൽ 69.500 കിലോ കഞ്ചാവ് കടത്തിയ കേസിൽ രണ്ടു പ്രതികൾക്ക് 14 വർഷം കഠിന തടവ്. മൂലവട്ടം വൈക്കം സ്വദേശികളായ രണ്ടു പേരെയാണ് തൊടുപുഴ കോടതി ശിക്ഷിച്ചത്. നാട്ടകം മൂലവട്ടം കുറ്റിക്കാട്ട് വീട്ടിൽ അനന്തു കെ പ്രദീപ് (29), വൈക്കം കല്ലറ പുതിയ കല്ലുമേടയിൽ അതുൽ റെജി (അച്ചു-34) എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ശിക്ഷിച്ചത്. 14 വർഷം കഠിന തടവിന് പിന്നാലെ ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. പിഴ അടിച്ചില്ലെങ്കിൽ ഒരു വർഷം കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു. ഇത് കൂടാതെ ഗൂഡാലോചനയ്ക്ക് ഏഴു വർഷം കഠിന തടവും അനുഭവിക്കാനും കോടതി വിധിച്ചു.
2020 മെയ് 23 ന് ഏറ്റുമാനൂർ പാറോലിക്കലിൽ എം സി റോഡിൽ അതിരമ്പുഴ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശംത്തു നിന്നാണ് കഞ്ചാവ് കയറ്റിയെത്തിയ ലോറി എക്സൈസ് സംഘം പിടികൂടിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ ആയിരുന്ന അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറും സംഘവും ചേർന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കോവിഡ് ട്രിപ്പിൾ ലോക്കഡൗൺ കാലത്ത് പാഠപുസ്തകങ്ങളുടെ മറവിൽ ആന്ഡ്രാപ്രദേശിൽ നിന്ന് ബാംഗ്ലൂർ വഴി കടത്തിയ കഞ്ചാവാണ് വാളയാർ മുതൽ പിന്തുടർന്ന് ഏറ്റുമാനൂർ വച്ചു സ്റ്റേറ്റ് സ്ക്വാഡ് പിടികൂടിയത്. എക്സൈസ് ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ – 1 നൂറുദ്ദീൻ എച്ച് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കോടതിയിൽ 28 സാക്ഷികളെയും, 138 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി എൻഡിപിഎസ് കോടതി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ബി.രാജേഷ് ഹാജരായി.