മുംബൈ: കോവിഡ് പരിശോധനയ്ക്കെന്ന പേരിൽ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിച്ച ലാബ് ടെക്നീഷ്യന് 10 വർഷം കഠിനതടവ്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്. ബലാത്സംഗക്കുറ്റം ഉൾപ്പെടെയാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. ആകെ 12 സാക്ഷികളെയും കേസിൽ വിസ്തരിച്ചു.
2020 ജൂലായ് 30-നാണ് ലാബ് ടെക്നീഷ്യനെ യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. അമരാവതിയിലെ ഒരു ഷോപ്പിങ് മാളിലെ ജീവനക്കാരിയാണ് യുവതി. മാളിലെ ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതോടെ മറ്റുള്ളവരും കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് നിർദേശമുണ്ടായിരുന്നു. തുടർന്ന് പരാതിക്കാരിയും മറ്റുള്ളവരും ബദ്നേറയിലെ ട്രോമകെയർ സെന്ററിലെത്തി പരിശോധന നടത്തി. ഈ പരിശോധനയ്ക്ക് ശേഷം ലാബ് ടെക്നീഷ്യൻ യുവതിയെ വീണ്ടും ഫോണിൽ വിളിക്കുകയും പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൂടുതൽ പരിശോധന നടത്താൻ ലാബിൽ വരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലാബിൽ എത്തിയപ്പോഴാണ് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവം ശേഖരിക്കണമെന്ന് ലാബ് ടെക്നീഷ്യൻ ആവശ്യപ്പെട്ടത്.
സംഭവത്തിനുശേഷം വീട്ടിലെത്തിയ യുവതി സംശയം തോന്നി ഇക്കാര്യം സഹോദരനോട് വെളിപ്പെടുത്തി. ഇദ്ദേഹം ഒരു ഡോക്ടറോട് സംസാരിച്ചതോടെ കോവിഡ് പരിശോധനയ്ക്ക് സ്വകാര്യഭാഗങ്ങളിൽനിന്ന് സ്രവം ശേഖരിക്കില്ലെന്ന് വ്യക്തമായി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരേ വലിയ പ്രതിഷേധമാണ് അന്നുണ്ടായത്. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഒടുവിൽ 17 മാസങ്ങൾക്ക് ശേഷമാണ് കോടതി കേസിൽ വിധി പറഞ്ഞിരിക്കുന്നത്.