ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പുതിയ രണ്ട് വാക്‌സിനുകള്‍ക്കുള്ള അനുമതി പരിഗണനയിലാണെന്നും 137 കോടി വാക്‌സിന്‍ ഡോസുകള്‍ രാജ്യത്തൊട്ടാകെ വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാര്‍ഗരേഖ പരിഷ്‌കരിക്കും. കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. – ആരോഗ്യ മന്ത്രി അറിയിച്ചു.
കോവിഡ് തടയുന്നതിന് 12 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള ലോകത്തിലെ ആദ്യ ഡിഎന്‍എ വാക്‌സിനായ സൈഡസ് കാഡിലയുടെ സൈക്കോവ് ഡി (ZyCoV-D) രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികള്‍ക്ക് മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ പകുതിയാണ് നല്‍കേണ്ടത്. അതായത്, മുതിര്‍ന്നവര്‍ക്ക് 1 മില്ലി ആണെങ്കില്‍ കുട്ടികള്‍ക്ക് 0.5 മില്ലി ഡോസ് നല്‍കും. മറ്റ് വാക്‌സിനുകള്‍ പോലെ ഇത് ഒരു ഇന്‍ട്രാമസ്‌കുലര്‍ കുത്തിവയ്പ്പായിരിക്കും. 2 കുത്തിവയ്പ്പുകളും 4 ആഴ്ച സമയത്തിനുള്ളില്‍ നല്‍കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുതിര്‍ന്നവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുട്ടികളുടെ ജനസംഖ്യയില്‍ അണുബാധയുടെ തീവ്രത കുറവാണ്. എന്നാല്‍ കുട്ടികള്‍ എപ്പോഴും ഒരു ദുര്‍ബല വിഭാഗമാണ്. കാരണം കുട്ടികളില്‍ രോഗം ബാധിച്ചാല്‍ അത് വളരെ പെട്ടെന്ന് കൂടുതല്‍ പേരിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. കൂടാതെ, ഒരു വലിയ വിഭാഗത്തിലേക്ക് വ്യാപിക്കുമ്പോള്‍ വൈറസിന് ഒന്നിലധികം മ്യൂട്ടേഷനുകളുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അതിനാല്‍ കോവിഡിന്റെ കൂടുതല്‍ തരംഗങ്ങള്‍ ഒഴിവാക്കാന്‍, വാക്‌സിനേഷന്‍ ഫലപ്രദ മാര്‍ഗ്ഗം തന്നെയാണ്.