ചൈനയിൽ കോവിഡ് കേസുകൾ കുതിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലും ജാഗ്രത കടുപ്പിക്കുന്നു. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കുന്നത് വീണ്ടും തുടരണമെന്നും നിർദേശമുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം മുൻനിർത്തി കേന്ദ്രആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ വിളിച്ചു ചേർത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
കോവിഡ് ഇതുവരെയും അവസാനിച്ചിട്ടില്ലെന്നും ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതുസാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആൾക്കൂട്ടമുള്ള ഇടങ്ങളിൽ(അകത്തും പുറത്തും) മാസ്ക് ധരിക്കുന്നത് തുടരണമെന്ന് നീതി ആയോഗ് അംഗമായ ഡോ.വി.കെ പോൾ യോഗത്തിനുശേഷം വ്യക്തമാക്കി.
ബൂസ്റ്റർഷോട്ടുകൾ സ്വീകരിക്കാൻ വൈകരുതെന്നും മുതിർന്ന പൗരന്മാർ അക്കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 27-28 ശതമാനം പേർ മാത്രമാണ് മുൻകരുതൽ ഡോസ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നത് സുഗമമാക്കുന്നതിനായി കോവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകൾ INSACOG ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യവിഭാഗം സെക്രട്ടറിമാർ, ഫാർമസ്യൂട്ടിക്കൽസ് ഡിപ്പാർട്മെന്റ്, ബയോടെക്നോളജി ഡിപ്പാർട്മെന്റ്, ആയുഷ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, നീതി ആയോഗ് അംഗം ഡോ.വി.കെ പോൾ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.
ചൈനയ്ക്ക് പുറമെ, ജപ്പാൻ, അമേരിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ബീജിങ്ങിൽ നാൽപതുശതമാനത്തിലധികം പേരും കോവിഡ് ബാധിതരാണ് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.