തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാര്‍ ചീറ്റിപ്പോയെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. നടന്നത് പാര്‍ട്ടി സമ്മേളനമായിരുന്നു.ഏകപക്ഷീയ പരിപാടി ആയിപ്പോയി. അതില്‍ മുസ്ലിം സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നുകേട്ടില്ല. വ്യക്തിനിയമങ്ങളുടെ പേരില്‍ മുത്തലാഖ് പോലുള്ള അപരിഷ്കൃത നടപടികള്‍ നേരിടേണ്ടിവരുന്നവരുടെ ശബ്ദം കേട്ടില്ല. വോട്ട് ബാങ്കിനു വേണ്ടിയുള്ള വൃഥാവ്യായാമമാണ് നടന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു.
മുസ്ലിം വോട്ടിന് വേണ്ടി സിപിഎം ആര്‍ത്തി പിടിച്ചു പരക്കം പായുന്ന സ്ഥിതിയാണ്. സെമിനാറില്‍ മുസ്ലിം ലീഗ് വന്നില്ലെങ്കിലും മുസ്ലിം ലീഗിൻ്റെ സെമിനാറില്‍ ക്ഷണിച്ചാലും വന്നുകൊള്ളാമെന്ന് എം വി ഗോവിന്ദൻ പറയുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രമേയങ്ങള്‍ അവര്‍ തന്നെ ചുട്ടു കരിച്ചിരിക്കുന്നു. സിപിഎമ്മിന് മുസ്ലിം വോട്ട് കിട്ടുകയും ഇല്ല, കക്ഷത്തില്‍ ഉള്ള ഹിന്ദു വോട്ട് പോവുകയും ചെയ്യുന്ന സ്ഥിതിയാണ്.