തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലെറിഞ്ഞത് എ.ബി.വി.പി പ്രവർത്തകരാണെന്ന് സൂചന ലഭിച്ചതായി പൊലീസ്. വഞ്ചിയൂരിൽ എൽ.ഡി.എഫ് പ്രവർത്തകരുമായുണ്ടായ സംഘർഷത്തിന് ശേഷം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എ.ബി.വി.പി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. ചികിത്സയ്ക്കിടെയാണ് ഇവർ ജില്ലാകമ്മിറ്റി ഓഫീസിന് നേർക്ക് കല്ലെറിഞ്ഞതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സിസി ടിവി ദൃശ്യങ്ങൾ തെളിവായി കാണിച്ചാണ് പൊലീസ് പ്രതികളെക്കുറിച്ച് വ്യക്തമാക്കുന്നത്.
അതേസമയം ചികിത്സയിലുള്ളവരെ എങ്ങനെ പ്രതികളാക്കും എന്നാണ് ബി.ജെ.പിയുടെ ചോദ്യം. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ആക്രമണം നടന്നത്. മൂന്നുബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേർക്ക് കല്ലെറിയുകയായിരുന്നു. കല്ലേറിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പിന്റെ കാറിനും കേടുപറ്റിയിരുന്നു.