കടുത്തുരുത്തി : സി പി എം ജനകീയ പ്രതിരോധ ജാഥയ്ക്ക് കുറവിലങ്ങാട് ഉജ്ജ്വല സ്വീകരണം നൽകി. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രൗഡോജ്വല വരവേൽപ്പ്. കുറവിലങ്ങാട് മുട്ടുങ്കൽ ജംഗ്ഷനിൽ നിന്ന് തുറന്ന വാഹനത്തിൽ ജാഥാ ക്യാപ്റ്റനേയും അംഗങ്ങളേയും സ്വീകരിച്ചാനയിച്ചു. നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിൽ നിന്ന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചുവപ്പ് സേനാംഗങ്ങളുടെ സല്യൂട്ട് ജാഥ ക്യാപ്റ്റൻ സ്വീകരിച്ചു.
തുടർന്ന് ചുവപ്പ് സേന തുറന്ന വാഹനത്തെ അനുധാവനം ചെയ്തു. തൊട്ടുപിന്നിലായി കേരളീയ വേഷത്തിൽ മുത്തുക്കുടകളുമേന്തി നൂറ് കണക്കിന് സ്ത്രീകൾ അണിനിരന്നു. ഇതിന്റെ തൊട്ടുപിന്നിലായി കറുത്ത ഷർട്ടും ചുവപ്പ് മുണ്ടും ധരിച്ച ഡി വൈ എഫ് ഐ യുടെ വാളണ്ടിയർ സേനയും അതിനു പിന്നിൽ നൂറ് കണക്കിനാളുകളും അണിനിരന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വീകരണ ചടങ്ങുകൾക്ക് ബാന്റ് മേളം, കൊട്ടക്കാവടി, ഗരുഡനും, തെയ്യവും, തിറയും വിവിധ നാടൻ കലാരൂപങ്ങളും അണിനിരന്നു. അകമ്പടിയായി കരിമരുന്ന് പ്രയോഗവും മുദ്രാവാക്യം വിളിയും. ജാഥാ ക്യാപ്റ്റൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ സ്വീകരണ കേന്ദ്രമായ കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്റ് മൈതാനവും, പന്തലും ജന നിബിഡമായിരുന്നു. ജാഥയെ വരവേൽക്കാനായി വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ മുഴുവൻ പേർക്കും സമ്മേളന നഗരിയിൽ പ്രവേശിക്കാനായില്ല.
ആർത്തിരമ്പിയെത്തിയ ജനസാഗരത്തിൽ പഞ്ചായത്ത് മൈതാനം വീർപ്പ് മുട്ടി. സമ്മേളന സ്ഥലത്ത് നിന്ന് ഏറെ അകലെയുള്ള സെൻട്രൽ ജംഗ്ഷൻ, മുട്ടുങ്കൽ കവല എന്നിവിടങ്ങളിൽ തിങ്ങി നിറഞ്ഞാണ് ജാഥാ ക്യാപ്റ്റന്റെ പ്രസംഗം ശ്രവിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ സ്വീകരണ കേന്ദ്രത്തിൽ കടുത്തുരുത്തി വിശ്വദീപ്തി കലാഭവന്റെ നേതൃത്വത്തിൽ പുഷ്പദാസും സംഗവും വിപ്ലവ ഗാന വിരുന്നൊരുക്കി.