സര്‍ക്കാരിനെ ഇനി പാര്‍ട്ടി നയിക്കും; തെരഞ്ഞെടുപ്പ്‌ പരാജയം കണ്ണുതുറപ്പിച്ചു: സിപിഎമ്മിലും സര്‍ക്കാരിലും ഒരുപോലെ തിരുത്തല്‍ വരുന്നു

തിരുവനന്തപുരം: ബാക്കിയുള്ള രണ്ടുവര്‍ഷങ്ങളില്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഭരണത്തില്‍ ശക്‌തമാക്കാന്‍ ആലോചന. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയം സംബന്ധിച്ച്‌ സി.പി.എമ്മിലും ഇടതുമുന്നണിയിലും ആരോപണങ്ങള്‍ കൊടുമ്ബിരികൊള്ളുന്നതിനിടയില്‍ പരാജയകാരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള നേതൃയോഗങ്ങള്‍ക്ക്‌ ഇന്നുമുതല്‍ തുടക്കമാകും.അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ ചില മാറ്റങ്ങള്‍ കൊണ്ടുവരും.

Advertisements

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പരാജയം സി.പി.എമ്മിലും ഇടതുമുന്നണിയിലും വലിയ വിമര്‍ശനങ്ങള്‍ക്ക്‌ വഴിവച്ചിരിക്കുന്ന പശ്‌ചാത്തലത്തിലാണ്‌ സി.പി.എമ്മിന്റെ നേതൃയോഗങ്ങള്‍ ഇന്നുമുതല്‍ തുടങ്ങുന്നത്‌. ഇന്നും നാളെയും സെക്രട്ടേറിയറ്റും അടുത്ത മൂന്നുദിവസം സംസ്‌ഥാന സമിതിയുമാണ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പരാജയത്തെതുടര്‍ന്ന്‌ പാര്‍ട്ടിയിലും സര്‍ക്കാരിലും ഒരുപോലെ തിരുത്തലിനാണ്‌ നേതൃത്വത്തിന്റെ നീക്കം.തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌ സി.പി.എം പൊതുവില്‍ രണ്ടു കാരണങ്ങളാണ്‌ കാണുന്നത്‌.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ക്കാരിന്റെ മുന്‍ഗണനകളിലുണ്ടായ പാളിച്ചയും സംഘടനാതലത്തില്‍ താഴേത്തട്ടിലുള്ള ദൗര്‍ബല്യവും. ഇവയ്‌ക്കുള്ള തിരുത്തലിനായിരിക്കും മുന്‍തൂക്കം നല്‍കുക. അതോടൊപ്പം തന്നെ പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്ന മൗനത്തെക്കുറിച്ചും വിമര്‍ശനം ഉയരുന്നുണ്ട്‌. അത്‌ എങ്ങനെ നേരിടണമെന്ന കാര്യത്തിലും പാര്‍ട്ടി കൃത്യമായ രൂപരേഖ തയാറാക്കും. കൂടാതെ സാമൂഹികമാധ്യമ ഇടപെടലുകളിലെ ബലഹീനത മാറ്റി അതിന്‌ ഒരു വ്യവസ്‌ഥാപിത രൂപം ഉണ്ടാക്കുന്നതിനുള്ള ആലോചനയും പാര്‍ട്ടിതലത്തിലുണ്ട്‌.

പരാജയത്തിന്‌ ഭരണവിരുദ്ധ വികാരം ഒരു ഘടകമായി എന്ന വിലയിരുത്തല്‍ പൊതുവില്‍ പാര്‍ട്ടിയിലും മുന്നണിയിലുമുണ്ട്‌. തെരഞ്ഞെടുപ്പ്‌ പ്രതികരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി തന്നെ പരോക്ഷമായി അത്‌ അംഗീകരിച്ചിട്ടുമുണ്ട്‌. തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. അതിനുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. എന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ സാമ്ബത്തികമായി സംസ്‌ഥാനത്തെ കൂടുതല്‍ മുറുക്കുന്നതിനുള്ള നീക്കം തുടരുമെന്ന വിലയിരുത്തല്‍ പാര്‍ട്ടിക്കുണ്ട്‌. കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട് അവിടെ വേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോകാന്‍ തയാറെടുത്ത മന്ത്രി വീണാജോര്‍ജിന്‌ അനുമതി നല്‍കാതിരുന്ന കേന്ദ്രത്തിന്റെ നടപടി അതിന്റെ ഭാഗമാണെന്നാണ്‌ സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. 

ആ പശ്‌ചാത്തലത്തില്‍ പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചുള്ള ആലോചന യോഗങ്ങളില്‍ ഉണ്ടാകും. നിലവിലെ മുന്‍ഗണനകള്‍ മാറ്റി നിശ്‌ചയിക്കുന്നതിനുള്ള നിര്‍ദ്ദേശമായിരിക്കും പാര്‍ട്ടിയില്‍ നിന്നുണ്ടാകുക എന്നതാണ്‌ സൂചന. ക്ഷേമപദ്ധതികള്‍ക്ക്‌ ഊന്നല്‍ നല്‍കികൊണ്ട്‌ അവ പുനക്രമീകരിക്കുന്നതിനുള്ള ശ്രമമായിരിക്കും നടത്തുക. പ്രത്യേകിച്ച്‌ ക്ഷേമപെന്‍ഷണ്‍, സപ്ലൈകോയിലെ സാധനങ്ങളുടെ ലഭ്യത എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കണമെന്ന ആവശ്യമുണ്ട്‌. ഒപ്പം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഇനി നീട്ടികൊണ്ടുപോകാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും പാര്‍ട്ടിയിലുണ്ട്‌. കേന്ദ്രം പഴയ നയം തന്നെ തുടരാന്‍ സാദ്ധ്യതയുള്ളതിനാല്‍ കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിനുള്ള വഴികളെക്കുറിച്ചും ആലോചനയുണ്ടാകും.

അതോടൊപ്പം മന്ത്രിമാരുടെ പ്രവര്‍ത്തനത്തിന്‌ മാര്‍ഗ്ഗരേഖയുണ്ടാക്കി പാര്‍ട്ടിയുടെ ഒരുകണ്ണ്‌ എപ്പോഴും ഉണ്ടാകുന്ന തരത്തിലാക്കുമെന്ന സൂചനകളും വരുന്നുണ്ട്‌.ഭരണതലത്തില്‍ മാത്രമല്ല, പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും വലിയതോതിലുള്ള തിരുത്തലുകള്‍ക്ക്‌ യോഗം രൂപം നല്‍കും. നേരത്തെ തയാറാക്കിയ തെറ്റുതിരുത്തല്‍ നയം പൂര്‍ണ്ണമായും എല്ലാ ഘടകങ്ങളിലും നടപ്പിലായില്ലെന്ന വികാരം പൊതുവിലുണ്ട്‌. അത്‌ കര്‍ശനമായി നടപ്പാക്കും. ഒപ്പം കഴിഞ്ഞ എട്ടുവര്‍ഷമായി ഭരണത്തിലിരിക്കുന്ന പശ്‌ചാത്തലത്തില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ നടക്കുന്നില്ലെന്ന ചിന്തയും പാര്‍ട്ടിക്കുണ്ട്‌. അതിനുവേണ്ട പദ്ധതികള്‍ക്കും രൂപം നല്‍കും. താഴേത്തട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യമാണ്‌ തെരഞ്ഞെടുപ്പ്‌ ഫലം സംബന്ധിച്ച്‌ പാര്‍ട്ടിക്ക്‌ ലഭിച്ച കണക്കുകള്‍ തെറ്റിയതിലൂടെ വ്യക്‌തമാകുന്നതെന്നാണ്‌ അഭിപ്രായം. അതിന്റെ ഭാഗമായുള്ള നടപടികളും മാറ്റങ്ങളുമുണ്ടാകും. 

കൂടാതെ ഇടതുമുന്നണിക്ക്‌ ഒപ്പം എക്കാലവും നിലയുറപ്പിച്ച ഈഴവവിഭാഗത്തില്‍ നിന്നുള്ള വലിയതോതിലെ വോട്ടുചോര്‍ച്ച സി.പി.എമ്മിന്‌ അങ്കലാപ്പുണ്ടാക്കുന്നുണ്ട്‌. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ച വികാരം എന്ന്‌ പൊതുവില്‍ പറഞ്ഞൊഴിയുമ്ബോഴും അത്‌ അവരെ വല്ലാതെ അലട്ടുന്നുണ്ട്‌.

വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ്‌ രൂപീകരിച്ചതുമുതല്‍ ഈഴവവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി തുടങ്ങിയിട്ടുണ്ടെന്നാണ്‌ പാര്‍ട്ടിയുടെ വിലയിരുത്തല്‍. 2016ലും 2021ലും അത്‌ കാര്യമായി പ്രതിഫലിക്കാത്തത്‌ മുസ്ലീംന്യൂനപക്ഷങ്ങള്‍ ഒന്നായി ഇടതുമുന്നണിയെ പിന്തുണച്ചതുകൊണ്ടാണ്‌. എന്നാല്‍ അവര്‍ നിലപാട്‌ മാറ്റിയതോടെ ഈ വിടവ്‌ വല്ലാതെ പ്രകടമാകുന്നുണ്ട്‌. അത്‌ മറികടക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ആലോചിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

Hot Topics

Related Articles