കോട്ടയം: കാരാപ്പുഴ സഹകരണ ബാങ്കിലെ തട്ടിപ്പിൽ സി.പി.എമ്മിലെ കൂടുതൽ നേതാക്കളിലേയ്ക്ക് ആരോപണ മുന. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായ നേതാവിനെ കൂടാതെ, ജില്ലയിലെ മുതിർന്ന ജില്ലാ കമ്മിറ്റി അംഗവും തട്ടിപ്പിനു പിന്നിലുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഈ മുതിർന്ന ജില്ലാ കമ്മിറ്റി അംഗം കൂടി ഉൾപ്പെട്ടാണ് തട്ടിപ്പുകൾ നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ബാങ്കിലെ കോടികളുടെ തട്ടിപ്പിനു പിന്നിൽ ഈ നേതാവിനും പങ്കുണ്ടെന്ന സൂചനകളാണ് പല കോണിൽ നിന്നും ലഭിക്കുന്നത്.
കാരാപ്പുഴ സഹകരണ ബാങ്കിൽ വായ്പയുടെ പേരിൽ ഒരു കോടി രൂപയ്ക്കു മുകളിലുള്ള തട്ടിപ്പുണ്ടായതായി ജാഗ്രതാ ന്യൂസ് ലൈവാണ് ഇന്നലെ പുറത്തു വിട്ടത്. അഞ്ചു സെന്റ് സ്ഥലം കാട്ടി 25 ലക്ഷം രൂപയുടെ വായ്പയാണ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗവും സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ നേതാവ് വായ്പയായി എടുത്തത്. ഈ വായ്പ കൂടാതെ ബാങ്കിൽ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ട ശേഷം ബാങ്കിനെ കബളിപ്പിച്ച് ചിട്ടി പിടിക്കുകയും, ഈ ചിട്ടി പിൻവലിക്കുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം ചേർന്ന് ഒരു കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് വ്യക്തമായിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ ബാങ്കിലെ മറ്റ് ഭാരവാഹികളും കാരാപ്പുഴ പ്രദേശത്തെ മുതിർന്ന നേതാക്കളും അറിയാതെ ഒറ്റയ്ക്ക് ഇത്രയും വലിയ തുക നീക്കം ചെയ്യാൻ സാധിക്കില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പാർട്ടിയിലെ ജില്ലാ കമ്മിറ്റി അംഗം കൂടിയായ മുതിർന്ന നേതാവിന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നു സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ തന്നെയാണ് പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണവും മെല്ലെപ്പോകുന്നതെന്നാണ് ലഭിക്കുന്ന സൂചന.
പാർട്ടിയിലെ ഒരു ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ് ഈ രണ്ടു നേതാക്കളും. അതുകൊണ്ടു തന്നെ ഇവരാണ് കോട്ടയം ഏരിയയിലെ ശക്തർ. ഇരുവരെയും പിണക്കാനാവില്ലെന്ന നിലപാട് പാർട്ടിയിലെ താഴേത്തട്ടിലുള്ളവർ സ്വീകരിച്ചത് കൊണ്ടാണ് ഇരുവരും ഇതുവരെയും പിടിച്ചു നിന്നത്. എന്നാൽ, പാർട്ടി സമ്മേളങ്ങളിൽ അടക്കം ഇരുവരുടെയും ജീവിത രീതികൾ അടക്കം വിമർശന വിധേയമായിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു നേതാക്കൾക്കും എതിരെ അന്വേഷണം വേണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.