തിരുവനന്തപുരം: സി പി എമ്മിന്റെ തിരുവനന്തപുരം സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ച നടപടിയെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് കണക്കുകൾ ഉയരുന്നതിനിടെ മെഗാതിരുവാതിര നടത്തിയത് തെറ്റ് തന്നെയെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘തെറ്റ് ആര് ചെയ്താലും തെറ്റാണ്. പാർട്ടി ഇക്കാര്യം തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ ഏത് പരിപാടിയും നടത്താവൂ എന്ന് ആരോഗ്യവകുപ്പ് നിഷ്‌കർഷിച്ചിരുന്നതാണ്. എല്ലാവരും ഇത് പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ശക്തി പ്രാപിക്കുന്നതിനിടയിലും സി പി എം ജില്ലാ സമ്മേളനങ്ങൾ തുടർന്നുകൊണ്ടുപോയതിനെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി ഒഴിഞ്ഞുമാറി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമ്മേളനങ്ങൾ നടത്തിയതെന്ന് ഇതിനെകുറിച്ച് ചോദിച്ചപ്പോൾ മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം കൊവിഡ് വ്യാപനത്തിനിടയിലും ജില്ലാ സമ്മേളനങ്ങൾ നടത്താനുള്ള സി പി എമ്മിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷമായി പ്രതികരിച്ചു. മരണത്തിന്റെ വ്യാപാരികളായും രോഗവ്യാപനത്തിന്റെ ഉറവിടങ്ങളായും പാർട്ടി സമ്മേളനങ്ങൾ മാറികഴിഞ്ഞെന്നും സമ്മേളനത്തിൽ പങ്കെടുത്ത നാല് എം എൽ എമാർ ഇപ്പോൾ രോഗികളാണെന്നും സതീശൻ പറഞ്ഞു.
‘ഈ പാർട്ടി സമ്മേളനങ്ങൾ ഞങ്ങൾ നടത്തും എന്ന് പറഞ്ഞ് ഇവിടെ ആൾക്കൂട്ടവും തിരുവാതിര കളിയുമല്ലേ? ആ യോഗത്തിൽ പങ്കെടുത്ത ഏകദേശം എല്ലാവർക്കും രോഗം വന്നു. അവിടെ നിന്ന് പത്ത് – മുന്നൂറ്റമ്ബത് പേർക്കായി രോഗം. മന്ത്രിയുൾപ്പടെയുള്ളവരുടെ കണക്കാണ് ഞാനീ പറയുന്നത്. ആ മുന്നൂറ്റമ്ബത് പേര് എത്ര പേർക്ക് രോഗം പരത്തിയിരിക്കാം? അതിൻറെ ഇരട്ടി കണക്കല്ലേ പുറത്തുവരിക? അപ്പോൾ മരണത്തിൻറെ വ്യാപാരികളായും രോഗവ്യാപനത്തിൻറെ ഉറവിടങ്ങളായും പാർട്ടി സമ്മേളനങ്ങൾ മാറിക്കഴിഞ്ഞു”, സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് രോഗത്തിന്റെ തീവ്രവ്യാപനഘട്ടത്തിലാണ് ഇടുക്കി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നവിടങ്ങളിലെ ജില്ലാ സമ്മേളനങ്ങൾ നടന്നത്. തൃശ്ശൂർ, കാസർകോട്, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇനി സമ്മേളനങ്ങൾ നടക്കാനുള്ളത്. മാർച്ചിലാണ് സംസ്ഥാന സമ്മേളനം.
ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണെന്ന കണക്കും പുറത്തു വന്നു. 5953 പേർക്കാണ് എറണാകുളത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 5684 പേർക്കാണ് രോഗം. ഇരുജില്ലകളിലുമായി 11000ത്തിലേറെ രോഗികളാണ് ഉള്ളത്. തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579, ഇടുക്കി 1435, ആലപ്പുഴ 1339, വയനാട് 798, കാസർഗോഡ് 668 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്. 37.17 ശതമാനമാണ് ടിപിആർ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,91,945 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,85,742 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 6203 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1094 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ 1,68,383 കൊവിഡ് കേസുകളിൽ, 3.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 49 മരണങ്ങളാണ് കൊവിഡ്- മൂലമാണെന്ന്് സ്ഥിരീകരിച്ചത്.