ന്യൂഡല്‍ഹി : ജഹാംഗീര്‍പുരിയില്‍ സുപ്രീംകോടതി സ്‌റ്റേ വകവെക്കാതെ കെട്ടിടം പൊളിക്കാനെത്തിയ സംഘത്തെ തടഞ്ഞ് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞായിരുന്നു കോര്‍പ്പറേഷനും പോലീസും അടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്.
ഈ പ്രവൃത്തി ശ്രദ്ധയില്‍ പെട്ട ബൃന്ദ കാരാട്ട് ബുള്‍ഡോസര്‍ തടയുകയും, സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇവരെ കാണിക്കുകയുമായിരുന്നു. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിന്റെ നാടകീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോൾ വൈറലാകുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് ഉച്ചയോടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ജഹാംഗീര്‍പുരിയിലെ അനധികൃത കൈയേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അയച്ച ഒൻപത് ബുള്‍ഡോസറുകള്‍ സ്ഥലത്തെത്തി. പോലീസും സ്ഥലത്തുണ്ടായിരുന്നു. അക്രമത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ 400 പോലീസുകാരെയായിരുന്നു വിന്യസിപ്പിച്ചിരുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനെത്തിയ ബുള്‍ഡോസറുകളെ ജനം തടഞ്ഞു.
പൊളിച്ചുനീക്കല്‍ തകൃതിയായി മുന്നേറവെ, കെട്ടിടം പൊളിക്കുന്നതിന് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചു. എന്നാല്‍, സുപ്രീം കോടതിയുടെ ഓര്‍ഡര്‍ തങ്ങള്‍ക്ക് കിട്ടിയില്ലെന്ന് പറഞ്ഞ ഇവര്‍, പൊളിച്ച് മാറ്റലുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതോടെയാണ്, ബൃന്ദ കാരാട്ട് സ്ഥലത്തെത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പുമായി ബൃന്ദ കാരാട്ട് ബുള്‍ഡോസറിന് വട്ടം നിന്നതോടെ ഡ്രൈവര്‍മാര്‍ പിൻവാങ്ങുകയായിരുന്നു.