കോട്ടയം: മൂർഖന്റെ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ഇവിടെ നിന്നും ഡിസ്ചാർജ് ആകുകയും ചെയ്ത വാവാ സുരേഷിന് വീട് നിർമ്മിച്ച് നൽകാനൊരുങ്ങി സി.പി.എം. മന്ത്രി വി.എൻ വാസവൻ നേതൃത്വം നൽകുന്ന കോട്ടയത്തെ അഭയം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സി.പി.എം സുരേഷിന് വീട് നിർമ്മിച്ച് നൽകുന്നത്. തിരുവനന്തപുരത്തെ വാവാ സുരേഷിന്റെ കുടുംബ ഓഹരിയായ സ്ഥലത്തെ നാലര സെന്റിലാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇതിനുള്ള പ്രഖ്യാപനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മന്ത്രി വി.എൻ വാസവൻ നടത്തി.
തനിക്ക് ലഭിച്ചത് രണ്ടാം ജന്മമാണ് എന്നു പ്രതികരിച്ച വാവാ സുരേഷ്, തന്നെ രക്ഷിക്കാൻ പ്രയത്‌നിച്ച മന്ത്രി വി.എൻ വാസവനും, ഡോക്ടർമാർക്കും നന്ദി പറഞ്ഞു. സ്‌നേഹമുള്ളവർ വിളിച്ചാൽ ഇനിയും പാമ്പ് പിടിക്കാൻ പോകുമെന്നും സുരേഷ് പ്രതികരിച്ചു. ഇന്ന് രാവിലെ 11 മണിയോടെയാണ് സുരേഷിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. മന്ത്രി വി. എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, എന്നിവരും
സഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളും ആശുപത്രി വിടുമ്പോൾ കൂടെ ഉണ്ടായിരുന്നു. തന്നെ സഹായിച്ച സർക്കാരിനും, ആശുപത്രി അധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും സുരേഷ് നന്ദി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പല തവണ പാമ്പ് കടിച്ചിട്ടുണ്ടെങ്കിലും മരണ ഭയം ഇത് ആദ്യമാണെന്നു വാവാ സുരേഷ് പറഞ്ഞു. കുറിച്ചിയിൽ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ ശ്രദ്ധ അൽപം മാറുകയായിരുന്നു. ഇതോടെയാണ് കടിയേറ്റത്. നിരവധി തവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ടെങ്കിൽ ഇത് ആദ്യമായാണ് മരണഭയം ഉണ്ടായത്. അപകടത്തിൽ വാരിയെല്ലിന് പൊട്ടലുണ്ടായിരുന്നു. ഈ പൊട്ടൽ നിലനിൽക്കുന്നതിനിടെയാണ് ഇപ്പോൾ പാമ്പ് കടിയേറ്റത്. അസഹ്യമായ വേദനയ്ക്കിടെയാണ് കുറിച്ചിയിലെ നാട്ടുകാർ വിളിച്ചത്. എന്നിട്ടും, വേദന കടിച്ചമർത്തി ഇവിടേയ്ക്ക് എത്തുകയായിരുന്നു.
ആശുപത്രിയിലേയ്ക്കു പോകുന്നതിനിടെ അസ്വസ്ഥതകളും, ഇതുവരെയില്ലാത്ത ബുദ്ധിമുട്ടുകളുമാണ് ഉണ്ടായത്. കൊവിഡിന്റെ ശ്വാസം മുട്ടലുണ്ടായിരുന്നു. ആശുപത്രിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ബോധം മറയുകയായിരുന്നു. പിന്നീട് ബോധം വന്നത് നാലാം തീയതി ആശുപത്രിയ്ക്കുള്ളിൽ വച്ചാണ്. ഇതിനിടെയുണ്ടായ കാര്യങ്ങൾ ഒന്നും ഓർമ്മയില്ലെന്നും വാവാ സുരേഷ് പറഞ്ഞു.