പത്തനംതിട്ട: മുന്നണി ധാരണ ലംഘിച്ചതിന്റെ പേരില്‍ പത്തനംതിട്ടയില്‍ വീണ്ടും സിപിഎം – സിപിഐ തർക്കം രൂക്ഷമാകുന്നു. അടൂർ നഗരസഭയിലെ സിപിഎം സ്ഥിരം സമിതി അധ്യക്ഷനെതിരെ അവിശ്വാസത്തിന് ഒരുങ്ങുകയാണ് സിപിഐ. എല്‍ഡിഎഫ് സംസ്ഥാന നേതൃത്വത്തിനും സിപിഐ ഇതു സംബന്ധിച്ച പരാതി നല്‍കും. തദ്ദേശ സ്ഥാപനങ്ങളിലെ അധികാരസ്ഥാനങ്ങള്‍ വീതം വയ്ക്കുന്നതിന്റെ പേരില്‍ കുറെകാലമായി ജില്ലയില്‍ സിപിഎം – സിപിഐ തർക്കമുണ്ട്.
അടൂർ നഗരസഭയില്‍ ഇടതുമുന്നണിയിലെ ധാരണപ്രകാരം സിപിഐ നേതാവ് ഡി സജി അധ്യക്ഷപദം ഒഴിഞ്ഞ് സിപിഎമ്മിന് നല്‍കിയിരുന്നു. എന്നാല്‍ അതേകാലയളവില്‍ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ സിപിഎമ്മിലെ റോണി പാണംതുണ്ടിലും ഒഴിയേണ്ടതായിരുന്നു. എന്നാല്‍ ഒന്നരവർഷമായിട്ടും സിപിഎം പദവി വിട്ടുകൊടുത്തിട്ടില്ല. സിപിഐ നേതൃത്വം പലവട്ടം സിപിഎം നേതാക്കളെ കണ്ടെങ്കിലും പരിഹാരമായില്ല. എത്രയും വേഗം റോണി സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരാൻ തീരുമാനമെടുക്കുമെന്ന് സിപിഎമ്മിനെ സിപിഐ അറിയിച്ചുകഴിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ വീതംവെയ്പ്പിലും സിപിഎം – സിപിഐ തർക്കം രൂക്ഷമായിരുന്നു. ഒടുവില്‍ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തർക്കം പരിഹരിച്ചത്.