ശാസ്താംകോട്ട : സി.പി.എം തിട്ടൂരം നോക്കേണ്ടവരല്ല കേരള പൊലീസെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ തന്നെ ഏറ്റവും സമര്‍ഥരായ പൊലീസ് സേന ആയിരുന്നു കേരളത്തിലേതെന്നും പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റ് കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ഈ സേനയുടെ ആത്മവീര്യം കെടുത്തി നപുംസകങ്ങളാക്കി. സി.ആര്‍.പി.സിയും ഐ.പി.സിയും നോക്കി നിമപാലനം ഉറപ്പ് വരുത്തേണ്ടവരാണ് പൊലീസ്. അല്ലാതെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന്റെ തിട്ടൂരം നോക്കേണ്ടവരല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ദാസിപ്പണി ചെയ്യുന്നവരായി പൊലീസ് അധഃപതിക്കരുത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണ്. കേരളത്തിലെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരെയെല്ലാം പ്രതിപക്ഷ സംഘടനകള്‍ കരിങ്കൊടി കാമിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധക്കാര്‍ ഇതുപോലെ ആക്രമിക്കപ്പെട്ടിട്ടില്ല. പൊലീസിനു പുറമേ ഗൂണ്ടകളെ ഉപയോഗിച്ചാണ് കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു പ്രവര്‍ത്തകരെ അടിച്ചൊതുക്കുന്നത്. മുഖം നോക്കാതെ നടപടി എടുക്കേണ്ട പൊലീസ് എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തഴുകുകയും യൂത്ത് കോണ്‍ഗ്രസ് -കെ.എസ്.യു പ്രവര്‍ത്തകരെ തല്ലുകയും ചെയ്യുന്നു. ഈ ഇരട്ട നീതി ഒരിക്കലും അംഗീകരിച്ചുകൊടുക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.