കോട്ടയം: നഗരസഭാ പെൻഷൻകാരുടെ പെൻഷൻ വിതരണം ട്രഷറി വഴി നടപ്പാക്കണം: മുനിസിപ്പൽ പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ രൂപീകരിച്ച പൊതുസർവീസിന്റെ ഭാഗമായുള്ള ഡിപ്പാർട്ട്‌മെന്റുകളിൽ പഞ്ചായത്ത്, നഗരസഭ മേഖല ഒഴികെ ബാക്കി എല്ലാ വകുപ്പുകളിലും ട്രഷറി വഴിയാണ് ശമ്പളവും പെൻഷനും നൽകി വരുന്നത്. പഞ്ചായത്ത് മേഖലയിലെ ബ്ലോക്ക്, പഞ്ചായത്ത് ജീവനക്കാർക്കും ശമ്പളവും പെൻഷനും സർക്കാർ വഴിയാണ് നൽകുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പല നഗരസഭകളും തങ്ങളുടെ ജീവനക്കാർക്ക് ശമ്പളവും പെൻഷനും അനുവദിക്കാൻ വിമുഖത കാട്ടുകയാണ്. പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന നഗരസഭ പെൻഷൻകാർ തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പാടുപെടുകയാണ്. കോട്ടയം നഗരസഭയിലെ പെൻഷൻ വിതരണം തടസപ്പെടുത്തുന്ന മുനിസിപ്പൽ സെക്രട്ടറിയുടെ നടപടിയ്‌ക്കെതിരെ നഗരസഭ ഡയറക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചു. പുതിയ ഭാരവാഹികളായി എം.ജോസഫ് മാത്യു (പ്രസിഡന്റ്), എസ്.ഇ.എം കാസിം, എൻ.സി അന്നമ്മ (വൈസ് പ്രസിഡന്റുമാർ), സെക്രട്ടറി സാബു ജോസഫ് , സി.ബി ശങ്കർ, സാലി മാത്യു (ജോ.സെക്രട്ടറിമാർ), പി.വി വർഗീസ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.