തിരുവനന്തപുരം : പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്.
ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ തന്നെ നടപടികളുമാരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അതിനിടയിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തുന്നത്.
ഗ്രീഷ്മ പാറശാല പൊലീസിന് നൽകിയ മൊഴിയിൽ വൈരുധ്യമുണ്ടായിരുന്നു. ഇതിൽ നിന്ന് തന്നെ പെൺകുട്ടിയാവാം കുറ്റവാളിയെന്ന സംശയം പൊലീസിനുണ്ടായിരുന്നു. ഷാരോൺ രാജ് മരിക്കുന്നതിന് രണ്ടാഴ്ച മുമ്പ് വനിതാ സുഹൃത്തുമൊത്ത് ജ്യൂസ് ചലഞ്ച് നടത്തിയതും സംശയമുണ്ടാക്കിയിരുന്നു. ഇതിലടക്കം ദുരൂഹതയുണ്ടെന്ന് കുടുംബം ആദ്യം മുതൽ തന്നെ ആരോപിച്ചിരുന്നു.
ഷാരോൺ കഷായം കഴിച്ചത് ഡോക്ടറോട് പറഞ്ഞില്ലെന്ന് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപ അറിയിച്ചിരുന്നു. ഷാരോൺ പൊലീസിനോട് സംശയങ്ങളില്ലെന്നാണ് പറഞ്ഞിരുന്നത്. ഷാരോണിന്റെ മരണത്തിൽ കൂടുതൽ വാട്സാപ്പ് സന്ദേശങ്ങൾ കുടുംബം പുറത്തുവിട്ടിരുന്നു. പെൺസുഹൃത്തും ഷാരോണും തമ്മിൽ അവസാനദിവസങ്ങളിൽ നടത്തിയ വാട്സാപ്പ് ഓഡിയോ ചാറ്റുകളാണ് കുടുംബം പുറത്തുവിട്ടത്. കഷായം കുടിച്ച കാര്യം താൻ വീട്ടിൽ പറഞ്ഞിട്ടില്ലെന്നും ജ്യൂസ് കുടിച്ചതാണ് ഛർദിലിന് കാരണമെന്നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഷാരോൺ പെൺകുട്ടിയോട് വാട്സാപ്പിൽ പറയുന്നുണ്ട്.
ഇതിന് യുവതി മറുപടി നൽകുന്നതിന്റെ സന്ദേശവും പുറത്തു വന്നിട്ടുണ്ട്. തനിക്കും ജ്യൂസിൽ രുചി വ്യത്യാസം തോന്നി. അതാകാം ഛർദ്ദിക്കുന്നതിന് കാരണമെന്ന് യുവതിയും പറയുന്നുണ്ട്. 2 കുപ്പി ശീതള പാനീയം ഷാരോണിനെ കുടിപ്പിച്ചാണ് പെൺകുട്ടി ചലഞ്ച് നടത്തിയത്. പുറത്തു വന്ന വീഡിയോയിലെ ചലഞ്ച് ഷാരോൺ മരിക്കുന്നതിന് രണ്ടാഴ്ച്ച മുൻപാണ് നടത്തിയത്.