വാഷിങ്ടൺ : കാമുകന്റെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ 20കാരി അറസ്റ്റില്‍. ബാറ്ററികള്‍, സ്ക്രൂ, നെയില്‍ പോളിംഷ് റിമൂവര്‍ എന്നിവ കഴിപ്പിച്ചാണ് യുവതി 18 മാസം മാത്രം കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുഎസിലെ പെൻസില്വാനിയയിലാണ് സംഭവം. ഐറിസ് റിത അല്ഫേറ എന്ന പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അലീസിയ ഓവൻസ് എന്ന യുവതിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.കഴിഞ്ഞവര്‍ഷം ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുഞ്ഞിന്റെ രക്തത്തില്‍ അസിറ്റോണ്‍ അമിതമായ അളവിലാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയത് വഴിതിരിവ് ആവുകയായിരുന്നു. നെയില്‍പോളിഷ് തുടങ്ങിയവ കുഞ്ഞില്‍ എന്തൊക്കെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കൃത്യം നടത്തുന്നതിന് മുൻപായി യുവതി ഗവേഷണം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ പിതാവ് ബെയ്ലി ജേക്കബി സാധനങ്ങള്‍ വാങ്ങാൻ പുറത്തുപോയ സമയത്താണ് യുവതി കൃത്യം നടത്തിയത്. പിന്നാലെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പിതാവിനെ അലീസിയ വിളിച്ചറിയിക്കുകയായിരുന്നു. ബെയ്ലി വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ മാറ്റുകയും ചെയ്തിരുന്നു.
അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് നാല് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു. മാതാവ് എമിലി അല്ഫേറയ്ക്കൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. പിതാവിന് സന്ദര്‍ശനത്തിനുള്ള അനുവാദം മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് എഴുന്നേല്ക്കാൻ ശ്രമിച്ചപ്പോള്‍ കട്ടിലിന്റെ വക്കില്‍ തലയിടിക്കുകയും താഴെ വീഴുകയുമായിരുന്നെന്നാണ് അലീസിയ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മാസങ്ങള്‍ക്ക് മുൻപുതന്നെ കുഞ്ഞ് വാട്ടര്‍ ബീഡുകള്‍, ബട്ടന്റെ ആകൃതിയിലുള്ള ബാറ്ററികള്‍, ലോഹത്തിലെ സ്ക്രൂ, നെയില്‍ പോളിഷ് എന്നിവ കഴിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ അലീസിയയുടെ ഫോണ്‍ പരിശോധിച്ച പൊലീസ് കുഞ്ഞിനെ കൊലപ്പെടുത്താൻ സാധിക്കുന്ന വീട്ടുവസ്തുക്കളെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് യുവതി പിടിയിലായത്.