വൈക്കം : ആശുപത്രിയിൽ ചികിത്സയിലായിരുന്ന മധ്യവയസ്കനെയും രണ്ടു മക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം ചെമ്മനാകരി കരീത്തറ വീട്ടിൽ ഉണ്ണിക്കുട്ടൻ എന്നു വിളിക്കുന്ന അക്ഷയ് (24), കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് പീടികപ്പറമ്പിൽ വീട്ടിൽ മനു എന്നു വിളിക്കുന്ന കൃഷ്ണരാജ്(24), കുലശേഖരമംഗലം ശാരദാമഠം ഭാഗത്ത് ചാലുതറ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന അർജുൻ (21), കുലശേഖരമംഗലം ചെമ്മനാകരി ഭാഗത്ത് പുതുവൽത്തറ വീട്ടിൽ അഖിൽരാജ് (23) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് പതിനാറാം തീയതി രാത്രി 10 :45 മണിയോടുകൂടി വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ അതിക്രമിച്ചു കയറി ചികിത്സയിലുണ്ടായിരുന്ന മധ്യവയസ്കനെയും, മക്കളെയും ക്രൂരമായി മർദ്ദിക്കുകയും,കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇവർക്ക് മധ്യവയസ്കന്റെ മകനോടു മുൻ വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ചികിത്സയിലിരുന്ന ആശുപത്രിയിൽ അതിക്രമിച്ചു കയറി മധ്യവയസ്കനെയും, മക്കളെയും ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് പ്രതികൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് വൈക്കം എസ്.ഐ കുര്യൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. കൃഷ്ണരാജ്നും, അർജുനും വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.ഐ കുര്യൻ മാത്യു, വിജയപ്രസാദ്, സി.പി.ഓ മാരായ വിജയശങ്കർ, പ്രവീണോ,സുധീപ് ജോസ് മോൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു