കോട്ടയം : ആൾതാമസം ഇല്ലാത്ത വീടിനു പുറകിലെ മുറി കുത്തിത്തുറന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ദേവഗിരി ശ്രായിപ്പള്ളി ഭാഗത്ത് കോമലയിൽ വീട്ടിൽ സജി എന്നുവിളിക്കുന്ന വർഗീസ് ജോൺ (50), കറുകച്ചാൽ ചമ്പക്കര ഭാഗത്ത് ഉഴത്തിൽ വീട്ടിൽ രതീഷ് കുമാർ (38), കറുകച്ചാൽ ചമ്പക്കര മക്കൊള്ളിൽ വീട്ടിൽ സതീശൻ എം.സി (58) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരത്തോടുകൂടി കറുകച്ചാൽ മക്കൊള്ളി കവലക്ക് സമീപത്തുള്ള ആളൊഴിഞ്ഞ വീടിന്റെ പുറകുവശത്തെ മുറിയുടെ പൂട്ട് തകർത്ത് ഉള്ളിൽ പ്രവേശിച്ച് മുറിക്കുള്ളിൽ സൂക്ഷിച്ചുവരുന്ന ഇരുമ്പ് ബക്കറ്റും, പൈപ്പ് കഷണങ്ങളും,അലൂമിനിയം ഡിഷ്, മുതലായവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.
ഇവരിൽ ഒരാളായ സതീശന്റെ ഓട്ടോറിക്ഷയിൽ ഇവർ എത്തി മോഷണത്തിനു ശേഷം ഓട്ടോറിക്ഷയിൽ സാധനങ്ങള്‍ കയറ്റി കടന്നു കളയുകയായിരുന്നു. വീട്ടുടമയുടെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച സാധനങ്ങൾ കറുകച്ചാൽ ഭാഗത്തുള്ള കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. കറുകച്ചാൽ സ്റ്റേഷൻ എസ്.ഐ അനുരാജ് എം.എച്ച്, സി.പി.ഓ മാരായ പ്രദീപ്, അൻവർ കരീം, സന്തോഷ് കുമാർ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.